തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തമിഴ്നാട് നിർദേശിക്കുന്ന സ്ഥലത്ത് പുതിയ ഡാം നിർമിക്കാമെന്നും അണക്കെട്ടിന്റെ രൂപകൽപനയും നിർമാണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തമിഴ്നാടിന് പൂർണ അധികാരം നൽകാമെന്നും അദ്ദേഹം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിർദേശിച്ചു.
കേരളത്തിന്റെ നിലപാട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുക എന്നതാണെന്ന് സതീശൻ വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ നിർമാണ കരാറിൽ തമിഴ്നാടിന് ആവശ്യമായ മുഴുവൻ വെള്ളവും ലഭ്യമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കേരളത്തിന്റെ നിർദേശം തമിഴ്നാട് നിയമ, ഊർജസ്രോതസ് മന്ത്രി സി.ടി.ആർ. നിർമൽകുമാർ യോഗത്തിൽ തള്ളി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കഴിയില്ലെന്ന നിലപാട് തമിഴ്നാട് സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന ആവശ്യത്തിൽ തമിഴ്നാട് ഉറച്ചുനിൽക്കുന്നതായും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്ന വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടെയും നിലപാടുകൾ തമ്മിലുള്ള ഭിന്നത ഇതോടെ വീണ്ടും വ്യക്തമായി. 2014ലെ സുപ്രീം കോടതി വിധിയിലും പുതിയ അണക്കെട്ട് നിർമിക്കുന്നതിന് കേരളത്തിന്റെയും തമിഴ്നാടിന്റെയും പരസ്പര ധാരണ ആവശ്യമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

