മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 14 പേർ കൊല്ലപ്പെട്ടു

നേപിഡോ: മ്യാൻമറിലെ മധ്യ സഗൈങ് മേഖലയിൽ ബുദ്ധവിഹാരത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റതായി പ്രാദേശിക പ്രതിപക്ഷ സംഘടനയും പ്രദേശവാസിയും അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.

മ്യൗങ് ടൗൺഷിപ്പിലെ സ്വെൽ ലെ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിലാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. ഒരാഴ്ച നീളുന്ന ധ്യാനപരിപാടിയിൽ പങ്കെടുക്കാനെത്തിയവരാണ് ആക്രമണത്തിൽപ്പെട്ടത്. മാൻഡലേയിൽനിന്ന് ഏകദേശം 75 കിലോമീറ്റർ പടിഞ്ഞാറാണ് പ്രദേശം.

പ്രാദേശിക സംഘടനയുടെ വക്താവ് ന്വേ ഓയുടെ മൊഴിപ്രകാരം യുദ്ധവിമാനം വിഹാര വളപ്പിലേക്ക് ബോംബ് വർഷിക്കുകയായിരുന്നു. ഏകദേശം 15 മിനിറ്റ് ഇടവിട്ട് രണ്ട് ബോംബുകൾ പതിച്ചതായും പ്രദേശവാസി പറഞ്ഞു. രണ്ടാമത്തെ ബോംബ് നൂറിലേറെ പേർ ധ്യാനപരിപാടിയിൽ പങ്കെടുത്തിരുന്ന സമീപത്തെ വീടിനും കേടുപാടുണ്ടാക്കിയതായി റിപ്പോർട്ടുണ്ട്.

ആക്രമണത്തെക്കുറിച്ച് മ്യാൻമർ സൈന്യം ഉടൻ പ്രതികരിച്ചിട്ടില്ല. എന്നാൽ സൈന്യം മുൻകാലങ്ങളിൽ തങ്ങളുടെ വ്യോമാക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചുള്ളതാണെന്നും സായുധ പ്രതിരോധസംഘങ്ങളെ ലക്ഷ്യമിടുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2021ലെ സൈനിക അട്ടിമറിക്ക് പിന്നാലെ മ്യാൻമറിൽ തുടരുന്ന ആഭ്യന്തര സംഘർഷത്തിനിടെ വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്നതായാണ് വിവിധ റിപ്പോർട്ടുകൾ. സിവിലിയൻ മേഖലകളിലുണ്ടാകുന്ന ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *