ടെഹ്റാൻ: അമേരിക്കയുമായുള്ള മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ ഇപ്പോൾ ശക്തിയുടെയും അന്തസ്സിന്റെയും നിലയിലാണെന്നും അതിനാൽ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പെസഷ്കിയാന്റെ പ്രതികരണം. ലോകം ഇറാന്റെ വിജയത്തെ അംഗീകരിക്കുന്നുവെന്നും അമേരിക്ക ഇറാനിലെ സ്കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആക്രമിച്ചതായും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പെസഷ്കിയാൻ പറഞ്ഞു.
അതേസമയം, ഇറാനെതിരായ സമ്മർദം ശക്തമാക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കടുത്ത പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ സൈനിക മേധാവി മേജർ ജനറൽ അലി അബ്ദൊല്ലാഹിയും പുതിയ ഭീഷണികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതികരിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ച് നേരത്തെയും പെസഷ്കിയാൻ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അർഥശൂന്യമാണെന്നായിരുന്നു മുൻ നിലപാട്.
പെസഷ്കിയാന്റെ പുതിയ പ്രസ്താവന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ താൽപര്യം വ്യക്തമാക്കുന്നതാണെങ്കിലും, യുഎസ് ഭാഗത്തുനിന്ന് സമാനമായ നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ പ്രസ്താവനയ്ക്ക് പിന്നാലെ ഉടൻ സമാധാന ധാരണയുണ്ടാകുമെന്നതിന് സ്ഥിരീകരണമില്ല.

