ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുമായും ജെൻ സി വിഭാഗത്തിൽപ്പെടുന്നവരുമായും കൂടുതൽ നേരിട്ട് സംവദിക്കുന്നതിനായി ബിജെപി പ്രത്യേക ദേശീയതല ഔട്ട്റീച്ച് സംഘത്തിന് രൂപം നൽകി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് താവ്ഡെ, ഗുജറാത്ത് മന്ത്രി ഹർഷ് സംഘവി, ഛത്തീസ്ഗഢ് മന്ത്രി ഒ.പി. ചൗധരി തുടങ്ങിയവർ സംഘത്തിലുണ്ട്.
യുവതലമുറയുടെ പ്രതീക്ഷകൾ, ആശങ്കകൾ, അഭിപ്രായങ്ങൾ എന്നിവ നേരിട്ട് മനസ്സിലാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. യുവാക്കൾക്ക് ബിജെപി നേതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും തങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കാനും അവസരം ഒരുക്കും. ചർച്ചകൾ, സംവാദങ്ങൾ, മറ്റ് ഇടപെടൽ പരിപാടികൾ എന്നിവയിലൂടെയായിരിക്കും പ്രവർത്തനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളുമായി, പ്രത്യേകിച്ച് സർവകലാശാലകളിലും സർക്കാർ സ്കൂളുകളിലും നേരിട്ട് സംവദിക്കാൻ മന്ത്രിമാരോട് നിർദേശിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഔട്ട്റീച്ച് പരിപാടിയുടെ സമയക്രമം, വേദികൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം നിതിൻ നബിന്റെ അധ്യക്ഷതയിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന അതേ ദിവസമാണ് ജെൻ സി ഔട്ട്റീച്ച് സംഘത്തിന്റെ രൂപീകരണവും പുറത്തുവന്നത്. യുവ വോട്ടർമാരുമായുള്ള പാർട്ടിയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംഘടനാപരമായ നീക്കമായാണ് ഇതിനെ ബിജെപി അവതരിപ്പിക്കുന്നത്.

