മയാമി: ഫിലാഡൽഫിയ യൂണിയൻ താരം ക്വിൻ സള്ളിവനുമായുള്ള തർക്കത്തിൽ ഇടപെട്ടതിന് ഇന്റർ മയാമി താരം ലയണൽ മെസിക്ക് മേജർ ലീഗ് സോക്കർ (MLS) പിഴ ചുമത്തി. പിഴത്തുക എത്രയാണെന്ന് ലീഗ് വെളിപ്പെടുത്തിയിട്ടില്ല. എതിരാളിയുടെ മുഖം, തല, കഴുത്ത് എന്നിവിടങ്ങളിൽ കൈകൊണ്ട് ഇടപെടുന്നതുമായി ബന്ധപ്പെട്ട ലീഗ് ചട്ടം ലംഘിച്ചതിനാണ് നടപടി.
ഓഗസ്റ്റ് 19ന് ഫിലാഡൽഫിയ യൂണിയനും ഇന്റർ മയാമിയും തമ്മിലുള്ള മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിന്റെ അധികസമയത്ത് മെസിയും സള്ളിവനും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും മെസി സള്ളിവന്റെ തലയുടെ പിൻഭാഗത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തിരുന്നു. മത്സരത്തിനിടെ റഫറി മെസിക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.
അതേ മത്സരത്തിലെ മറ്റൊരു സംഭവത്തിൽ ഇന്റർ മയാമി താരം ഇയാൻ ഫ്രേയ്ക്കും MLS പിഴ ചുമത്തി. സള്ളിവനുമായി നടന്ന സംഘർഷത്തിനിടയിൽ തല, കഴുത്ത് ഭാഗത്ത് കൈകൊണ്ട് ഇടപെട്ടതിനാണ് ഫ്രേയ്ക്കെതിരായ നടപടി.
മത്സരത്തിന്റെ അവസാനഘട്ട സംഘർഷത്തിൽ ഫിലാഡൽഫിയയുടെ 16കാരനായ കാവൻ സള്ളിവന് ലഭിച്ച ചുവപ്പ് കാർഡ് സ്വതന്ത്ര റിവ്യൂ പാനൽ പിന്നീട് പിൻവലിച്ചു. ഇതോടെ അടുത്ത മത്സരത്തിൽ പങ്കെടുക്കുന്നതിന് താരത്തിന് വിലക്കില്ല.
മെസിക്ക് സസ്പെൻഷൻ ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ അടുത്ത മത്സരത്തിൽ കളിക്കാൻ താരത്തിന് തടസ്സമില്ല.

