തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎമ്മിന് തന്നെയായിരിക്കുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നൽകില്ലെന്നും സ്പീക്കർക്ക് നൽകുന്ന കത്തിൽ സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നതാണ് എൽഡിഎഫിന്റെ രാഷ്ട്രീയ രീതിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇരു പാർട്ടികളും ചർച്ചയ്ക്ക് മാറ്റിവെച്ച വിഷയത്തിൽ ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിക്കുന്നത് മുന്നണിയുടെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി പറഞ്ഞത് ശരിയാണെങ്കിൽ, അത് അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പ്രസ്താവനയാണെന്നും ബിനോയ് വിശ്വം വിമർശിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐയുടെ നിലപാട്. എൽഡിഎഫിലെ എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടിക്ക് മാത്രമായി കേന്ദ്രീകരിക്കുന്ന സാഹചര്യം മാറണമെന്നും മുന്നണി കൂടുതൽ ജനാധിപത്യപരമായി പ്രവർത്തിക്കണമെന്നുമാണ് ബിനോയ് വിശ്വം നേരത്തെ വ്യക്തമാക്കിയിരുന്നത്.
പദവിയെച്ചൊല്ലിയുള്ള സിപിഎം–സിപിഐ തർക്കം തുടരുന്നതിനിടെ ഇരുപാർട്ടികളുടെയും നിലപാടുകൾ കൂടുതൽ കടുപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

