പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഓഗസ്റ്റ് 30-ന് നടക്കുന്ന ജലോത്സവത്തിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനാൽ വിപുലമായ തയ്യാറെടുപ്പുകളാണ് ഏർപ്പെടുത്തുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രം പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നേരത്തെ യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
വള്ളംകളി സമയത്ത് പമ്പാനദിയിൽ ആവശ്യമായ ജലനിരപ്പ് നിലനിർത്തുന്നതിനായി ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ അധ്യക്ഷതയിൽ ഡാം സേഫ്റ്റി, ഇറിഗേഷൻ വകുപ്പുകളുടെ പ്രത്യേക യോഗം ചേരും. കുടിവെള്ള ലഭ്യത വാട്ടർ അതോറിറ്റി ഉറപ്പാക്കും. ഉപരാഷ്ട്രപതിയുടെ സുരക്ഷ, ഗതാഗത ക്രമീകരണം, പാർക്കിംഗ് എന്നിവയ്ക്കായി പോലീസ് പ്രത്യേക സംവിധാനമൊരുക്കും. സുരക്ഷയ്ക്കായി ഫയർഫോഴ്സിന്റെ സ്കൂബ ടീം, പ്രത്യേക പട്രോളിംഗ് സ്ക്വാഡുകൾ എന്നിവർക്കൊപ്പം എൻ.ഡി.ആർ.എഫ് സംഘവും രംഗത്തുണ്ടാകും.
വേദിയുടെ സുരക്ഷയും റസ്റ്റ് ഹൗസിലെ സൗകര്യങ്ങളും പൊതുമരാമത്ത് കെട്ടിട വിഭാഗം ഉറപ്പാക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെയും സജ്ജമാക്കും. നദിയിലെ മണൽപുറ്റുകളും മുള, കമ്പ് തുടങ്ങിയ തടസ്സങ്ങളും ഇറിഗേഷൻ വകുപ്പ് നീക്കം ചെയ്യും. അപകടസാധ്യതയുള്ള മേഖലകളിൽ സുരക്ഷാവേലികൾ സ്ഥാപിക്കും. പരിസര ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം, ബയോ ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ തദ്ദേശസ്വയംഭരണ വകുപ്പ് ഒരുക്കും. ജലോത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 28 മുതൽ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും.
യോഗത്തിൽ എം.എൽ.എമാരായ അബിൻ വർക്കി, പഴകുളം മധു, സി. വി. ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പള്ളിയോട സേവാസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

