മെൽബൺ: കേരള സർക്കാരിന്റെ പ്രവാസി കാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക അംഗീകാരം ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി സാംസ്കാരിക കൂട്ടായ്മയായ വിപഞ്ചിക ഗ്രന്ഥശാലയ്ക്ക് ലഭിച്ചു. മെൽബൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാലയുടെ ഭാഷാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണിത്.
2016-ൽ പ്രവർത്തനം ആരംഭിച്ച വിപഞ്ചിക ഗ്രന്ഥശാല, ഓസ്ട്രേലിയൻ മണ്ണിൽ മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും പാരമ്പര്യം നിലനിർത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സജീവ പങ്കാണ് വഹിച്ചുവരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ സംഘടനയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ‘ദശകം 2026’ എന്ന പേരിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ച ആഘോഷങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
നോർക്ക റൂട്ട്സിന്റെ അംഗീകാരം ലഭിച്ചതോടെ വരും ദിവസങ്ങളിൽ പ്രവാസികൾക്കായി കൂടുതൽ ജനോപകാരപ്രദമായ സാമൂഹിക-സാംസ്കാരിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ സാധിക്കുമെന്ന് വിപഞ്ചിക ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു.

