തൊടുപുഴ: ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശകർക്കായി തുറന്നുകൊടുത്തു. ഈ മാസം 31 വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് ഡാമുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. എന്നാൽ ബുധനാഴ്ചകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിലും സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല.
ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്തു വരുന്നവർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. ഇതിനായി www.keralahydeltourism.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് പ്രവേശന പാസുകൾ എടുക്കാവുന്നതാണ്. ഡാമുകൾക്ക് മുകളിലൂടെ നടന്നുപോകുന്ന മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ഫീസ്. ബഗ്ഗി കാർ സൗകര്യം ഉൾപ്പെടെയുള്ള പ്രവേശനത്തിന് മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് നിരക്ക്.
തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കർശന പാർക്കിംഗ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരുടെ വാഹനങ്ങൾ ചെറുതോണി അണക്കെട്ടിന് സമീപമുള്ള പ്രത്യേക പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യേണ്ടതാണ്.

