72-ാമത് നെഹ്‌റു ട്രോഫിയിൽ അരോമ ചുണ്ടന് കന്നിക്കിരീടം; പുന്നമടയിൽ ഫോട്ടോ ഫിനിഷ് വിജയം

ആലപ്പുഴ: പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ ആവേശം വിതറിയ 72-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിൽ അരോമ ചുണ്ടൻ ജേതാക്കളായി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് അരോമ തങ്ങളുടെ കന്നി നെഹ്‌റു ട്രോഫി കിരീടം സ്വന്തമാക്കിയത്. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്.

ഹീറ്റ്‌സ് മത്സരങ്ങളിലും ശക്തമായ പോരാട്ടമാണ് അരങ്ങേറിയത്. ആദ്യ ഹീറ്റ്‌സിൽ 4 മിനിറ്റും 20 സെക്കൻഡും സമയമെടുത്ത് വീയപുരം ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തിയെങ്കിലും ഫിനിഷ് ചെയ്യാൻ അഞ്ച് മിനിറ്റിലധികം സമയമെടുത്തു. മൂന്നാം ഹീറ്റ്‌സിൽ 4 മിനിറ്റും 17 സെക്കൻഡും കൊണ്ട് മേൽപ്പാടവും, നാലാം ഹീറ്റ്‌സിൽ 4 മിനിറ്റും 27 സെക്കൻഡും കൊണ്ട് അരോമയും ഒന്നാമതെത്തി. അഞ്ചാം ഹീറ്റ്‌സിൽ നിരണവും (4 മിനിറ്റ് 28 സെക്കൻഡ്), ആറാം ഹീറ്റ്‌സിൽ ആനാരിയും (5 മിനിറ്റിലധികം) വിജയികളായി.

ഉച്ചയോടെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് പതാക ഉയർത്തി. കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി തുടങ്ങിയവരും ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *