കാൻബറ: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് ഹൃദ്യമായ ഓണാശംസകൾ നേർന്ന് ഓസ്ട്രേലിയൻ സർക്കാരിലെ മന്ത്രി ഡോ. ആൻ അലി (The Hon Dr Anne Aly MP) ഔദ്യോഗിക സന്ദേശം പുറത്തിറക്കി. മഹാബലി തമ്പുരാന്റെ ഐതിഹാസിക കഥയും അദ്ദേഹത്തിന്റെ തിരിച്ചുവരവും ഐക്യത്തിന്റെയും ഔദാര്യത്തിന്റെയും പ്രത്യാശയുടെയും വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് മന്ത്രി തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
പൂക്കളം, ഓണസദ്യ, സംഗീതം, നൃത്തം തുടങ്ങിയ പരമ്പരാഗത ചടങ്ങുകളിലൂടെ ജനങ്ങൾ ഒത്തുകൂടുകയും നന്ദിയോടെയും കൂട്ടായ്മയോടെയും ഈ ദിനം ആഘോഷിക്കുകയും ചെയ്യട്ടെ എന്ന് മന്ത്രി ആശംസിച്ചു. ഓസ്ട്രേലിയയുടെ ബഹുസ്വര സമൂഹത്തിന് മലയാളികൾ നൽകുന്ന അർത്ഥവത്തായ സംഭാവനകളെ ഈ അവസരത്തിൽ പ്രത്യേകമായി സ്മരിക്കുന്നുവെന്നും അവർ വ്യക്തമാക്കി. കേരളത്തിന്റെ പാരമ്പര്യങ്ങളും സംസ്കാരവും പുതിയ തലമുറയ്ക്കായി നിലനിർത്താൻ മലയാളി സമൂഹം നടത്തുന്ന നിരന്തര പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് വ്യക്തമാക്കിയ മന്ത്രി, എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഓണക്കാലം ആശംസിച്ചു.

