കൊച്ചി: ആശാഭവനിലെ താമസക്കാർക്ക് ആവശ്യമായ മാനസിക-സാമൂഹിക പരിചരണവും പിന്തുണയും നൽകുന്നതിനൊപ്പം തൊഴിൽപരമായ പുനരധിവാസത്തിന് വിപുലമായ അവസരമൊരുക്കുമെന്നും ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ വ്യക്തമാക്കി. സാമൂഹ്യനീതി വകുപ്പിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ആശാഭവനിൽ (മെൻ) സംഘടിപ്പിച്ച ഓണാഘോഷവും ‘നവസ്പർശം’ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയരാവുകയും ബന്ധുക്കളുടെ സംരക്ഷണമില്ലാതെ പ്രയാസമനുഭവിക്കുകയും ചെയ്യുന്ന പ്രായമായ വ്യക്തികളുടെ സമഗ്ര ക്ഷേമത്തിനും സംരക്ഷണത്തിനുമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
നവസ്പർശം പദ്ധതിയുടെ ഭാഗമായി അന്തേവാസികൾക്ക് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിനായി ആരംഭിച്ച ഡിറ്റർജന്റ് നിർമ്മാണ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യ വിൽപ്പനയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. തൃക്കാക്കര എം.എൽ.എ ഉമ തോമസ് താമസക്കാർക്കുള്ള ഓണക്കോടി വിതരണം ചെയ്തു. ഭിന്നശേഷി, പുനരധിവാസ മേഖലകളിൽ വൈദഗ്ധ്യമുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ നേതൃത്വത്തിലാണ് നൈപുണ്യവികസനത്തിനായുള്ള പ്രത്യേക പരിശീലനവും പിന്തുണയും ലഭ്യമാക്കിയത്. സ്ഥാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ പ്രഥമ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ഇ. വി. ലതയെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളംപള്ളി, വാർഡ് കൗൺസിലർ എം. കെ. ദേവയാനി, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ അസോസിയേറ്റ് പ്രൊഫസറും നവസ്പർശം പദ്ധതി കോർഡിനേറ്ററുമായ ഡോ. കെ. ആർ. അനീഷ്, എറണാകുളം സർക്കാർ പ്രസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ആർ. രശ്മി, നിറ്റാജലാറ്റിൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പ്രവീൺ വെങ്കടരമണൻ, മെഡിക്കൽ ഓഫീസർ ഡോ. ഗോപിക പ്രേം, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. ജോർജ് ജോഷുവ, സദർലാൻഡ് കമ്പനി അക്കൗണ്ട്സ് ഓഫീസർ ഹരിദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി, ആശാഭവൻ സൂപ്രണ്ട് ഷെനോല ക്ലമന്റ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

