മെൽബൺ: വരാനിരിക്കുന്ന വിക്ടോറിയൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങി പൗളിൻ ഹാൻസന്റെ വൺ നേഷൻ പാർട്ടി. ആകെയുള്ള 88 സീറ്റുകളിൽ 74 മുതൽ 76 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പാർട്ടി ഇതിനകം നിശ്ചയിച്ചുകഴിഞ്ഞതായും ഇവരുടെ പേരുകൾ ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പാർട്ടി നേതാവ് പൗളിൻ ഹാൻസൻ അറിയിച്ചു.
പുതിയ പ്രീമിയർ ബെൻ കരോളിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടിയും, ജെസ് വിൽസന്റെ നേതൃത്വത്തിൽ ലിബറൽ പാർട്ടിയും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിക്കഴിഞ്ഞു. ഇരുമുന്നണികൾക്കും അപ്പുറം വോട്ടർമാർ ഒരു പുതിയ രാഷ്ട്രീയ ബദൽ തേടുകയാണെന്ന് പൗളിൻ ഹാൻസൻ വ്യക്തമാക്കി. സമീപകാല സർവേ ഫലങ്ങൾ കൂടി പുറത്തുവന്നതോടെ വലിയ അനിശ്ചിതത്വങ്ങളും അപ്രതീക്ഷിത മുന്നേറ്റങ്ങളും നിറഞ്ഞ ശക്തമായ ത്രികോണ മത്സരത്തിനാണ് വിക്ടോറിയ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.

