ന്യൂഡൽഹി: വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇസിഐ നെറ്റ് പോർട്ടലിലെ നിലവിലെ സംവിധാനങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധിക്കാൻ തീരുമാനിച്ചു. പോർട്ടലിന്റെ പ്രവർത്തനം നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് മുതിർന്ന ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുന്നത്. ഐഐടി അല്ലെങ്കിൽ ഐഐഐടിയിൽ നിന്നുള്ള സ്വതന്ത്ര വിദഗ്ധനും സമിതിയിൽ അംഗമാകും. സമിതി പഠനം നടത്തി റിപ്പോർട്ട് കമ്മിഷന് സമർപ്പിക്കും.
സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരിൽനിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളിൽ പോർട്ടലിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കമ്മിഷൻ അറിയിച്ചു. ഉദ്യോഗസ്ഥർക്ക് അവരുടെ നിയമാനുസൃത അധികാരങ്ങൾക്കനുസരിച്ചുള്ള ആക്സസ് നിലവിൽ ലഭ്യമാണെന്നും വ്യക്തമാക്കി.
ഇനി ഐടി സംവിധാനങ്ങളുമായും പോർട്ടലുകളുമായും ബന്ധപ്പെട്ട മാറ്റങ്ങൾ ഉദ്യോഗസ്ഥ സമിതി ചർച്ച ചെയ്തശേഷം മാത്രമേ കമ്മിഷന്റെ അംഗീകാരത്തിനായി സമർപ്പിക്കൂ. ഫീൽഡ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ കൂടുതൽ ഇളവുകളും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
അപേക്ഷാ തീയതികൾ നീട്ടി
ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ അഭ്യർഥനയെ തുടർന്ന് അപേക്ഷകളും എതിർപ്പുകളും സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെയും അവ തീർപ്പാക്കാനുള്ള തീയതി നവംബർ 30 വരെയും നീട്ടി. മഹാരാഷ്ട്രയിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 12 വരെയും തീർപ്പാക്കാനുള്ള തീയതി നവംബർ 10 വരെയുമാണ് നീട്ടിയത്.
ബിഹാർ, പശ്ചിമ ബംഗാൾ ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടികൾ പൂർത്തിയായതായി കമ്മിഷൻ അറിയിച്ചു. പട്ടികയിൽ ഉൾപ്പെടാതെ പോയവർക്കും പുതിയ വോട്ടർമാർക്കും വോട്ടർപട്ടിക പുതുക്കൽ നടപടിയിലൂടെ അപേക്ഷ നൽകാനാകും.
വോട്ടർപട്ടികയിൽ ക്രമക്കേടുകളോ വ്യക്തതയില്ലായ്മയോ കണ്ടെത്തി നോട്ടീസ് ലഭിച്ചവരുടെ വീടുകളിലെത്തി ബൂത്ത് ലെവൽ ഓഫീസർമാർ ആവശ്യമായ രേഖകൾ ശേഖരിച്ച് ഇസിഐ നെറ്റിൽ അപ്ലോഡ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ തീരുമാനമെടുക്കും. പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ഇത്തരക്കാർക്ക് ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ഓൺലൈൻ വിചാരണയ്ക്ക് മുൻഗണന നൽകുമെന്നും കമ്മിഷൻ വ്യക്തമാക്കി.

