തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിച്ച് മത്സരം നടത്താമെന്ന പേരിൽ നടന്നുവെന്ന് ആരോപിക്കുന്ന സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) കൈമാറാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി). വിദേശനാണയ വിനിമയവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുന്നതിനുള്ള നിയമോപദേശം എസ്ഐടി തേടിയിട്ടുണ്ട്. നിലവിലെ അന്വേഷണത്തിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം പരിഗണിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമായി വരുന്നതെന്നാണ് റിപ്പോർട്ട്. അഴിമതി നിരോധന നിയമം ചുമത്തുന്ന കാര്യത്തിൽ സർക്കാരിന്റെ അനുമതിയും ആവശ്യമാണ്.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കളമശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ നിലവിൽ ചുമത്തിയിട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 206 കോടി രൂപ ലഭിച്ചതായും 22.68 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പിന്റെ അന്വേഷണവും തുടരുകയാണ്.
വിദേശനാണയ വിനിമയവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തിയാൽ അതിന്റെ അന്വേഷണം ഏത് കേന്ദ്ര ഏജൻസിക്കായിരിക്കണം എന്നതിലും നിയമോപദേശം തേടുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന ആഭ്യന്തര വകുപ്പായിരിക്കും കൈക്കൊള്ളുക.
അതേസമയം, സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടും എസ്ഐടി അന്വേഷണം നടത്തി വരികയാണ്. സർക്കാർ-കമ്പനി കരാറിന് മുമ്പ് റിപ്പോർട്ടർ കമ്പനിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ കരാറിലേർപ്പെട്ടിരുന്നതായും എസ്ഐടി കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

