എൻ.ഡി.ഐ.എസ്. ഭവന പദ്ധതിയുടെ പേരിൽ 10 ദശലക്ഷം ഡോളർ തട്ടിപ്പ്; ഒരു വീട് പോലും നിർമ്മിക്കാതെ കമ്പനി ലിക്വിഡേഷനിലേക്ക്

വോളൻഗോങ്: ഓസ്‌ട്രേലിയയിൽ ഭിന്നശേഷിക്കാർക്കായുള്ള എൻ.ഡി.ഐ.എസ്. പ്രത്യേക ഭവന പദ്ധതിയുടെ പേരിൽ നിക്ഷേപകരിൽ നിന്ന് 10 ദശലക്ഷത്തോളം ഡോളർ സമാഹരിച്ച ശേഷം ഒരു വീടുപോലും നിർമ്മിക്കാതെ വോളൻഗോങ് ആസ്ഥാനമായുള്ള പദ്ധതി ലിക്വിഡേഷനിലേക്ക് കൂപ്പുകുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ഡോളറിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ലിക്വിഡേറ്റർമാർ വിശദമായ അന്വേഷണം ആരംഭിച്ചു.

സ്‌പെഷ്യലിസ്റ്റ് ഡിസെബിലിറ്റി അക്കോമഡേഷൻ എന്ന പേരിൽ ‘ഫെയറി മെഡോ ഹൗസ്’ എന്ന കമ്പനിയാണ് നിക്ഷേപകരിൽ നിന്ന് വൻതുക സമാഹരിച്ചത്. പ്രതിവർഷം 10 ശതമാനം വരെ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിക്ഷേപം ആകർഷിച്ചത്. എന്നാൽ, ഇതിൽ നിന്ന് 5 ദശലക്ഷം ഡോളറോളം പണമായി (ക്യാഷ്) 10 വ്യത്യസ്ത ഇടപാടുകളിലൂടെ പിൻവലിച്ചതായും ഈ ഇടപാടുകളുടെ ആധികാരികത സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ലിക്വിഡേറ്റർമാർ വ്യക്തമാക്കി.

തായ്‌ലൻഡിൽ നിന്നുള്ള നിർമ്മാണ സാമഗ്രികൾ വാങ്ങാനാണ് ഈ പണം വിനിയോഗിച്ചതെന്നാണ് കമ്പനിയുടെ ഏക ഡയറക്ടറുടെ അവകാശവാദമെങ്കിലും, ഇതിനെ സാധൂകരിക്കുന്ന യാതൊരുവിധ രേഖകളും ഹാജരാക്കാൻ ഇവർക്കായിട്ടില്ല. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ബാങ്കിൽ വെറും 150 ഡോളർ മാത്രമുള്ള അവസ്ഥയിൽ ഈ ഡയറക്ടറെ പാപ്പരായി പ്രഖ്യാപിച്ചു. വാഗ്ദാനം ചെയ്ത വീടുകളൊന്നും നിർമ്മിക്കാതെ മെയ് മാസത്തിൽ തന്നെ കമ്പനി ഔദ്യോഗികമായി ലിക്വിഡേഷനിലേക്ക് നീങ്ങിയിരുന്നു.

പദ്ധതി നടപ്പിലാകാത്തതിലൂടെ നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയുടെ കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായിരിക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് ആവശ്യമായ പാർപ്പിട സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ പേരിൽ നടന്ന ഈ വൻ സാമ്പത്തിക തിരിമറി, എൻ.ഡി.ഐ.എസ്. സംരംഭങ്ങളിലെ മേൽനോട്ട സംവിധാനങ്ങളെക്കുറിച്ചും കർശനമായ നിയമപരിഷ്കാരങ്ങളുടെ ആവശ്യകതയെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *