ന്യൂ സൗത്ത് വെയിൽസിൽ ബഹുസ്വര ബിസിനസ് മുന്നേറ്റം ലക്ഷ്യമിട്ട് മൾട്ടി കൾച്ചറൽ ചേംബർ പ്രവർത്തനമാരംഭിച്ചു; ഉദ്ഘാടനം ചെയ്ത് പ്രീമിയർ ക്രിസ് മിൻസ്

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിലെ ബഹുസ്വര സമൂഹങ്ങളെയും വ്യവസായ സംരംഭങ്ങളെയും സർക്കാരിനെയും യുവതലമുറയെയും പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഓസ്‌ട്രേലിയൻ മൾട്ടി കൾച്ചറൽ കമ്മ്യൂണിറ്റി & ബിസിനസ് ചേംബർ’ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. പരമറ്റയിൽ നടന്ന ചടങ്ങിൽ ചെറുകിട ബിസിനസ് ഉടമകൾ, കമ്മ്യൂണിറ്റി നേതാക്കൾ, പ്രമുഖ വ്യക്തികൾ, യുവ സംരംഭകർ എന്നിവർ പങ്കെടുത്തു. പ്രമുഖ ബഹുസ്വര കമ്മ്യൂണിറ്റി നേതാവ് ബ്രയാൻ ലൗളിന്റെ ആശയത്തിൽ നിന്നാണ് ഈ സംരംഭത്തിന് തുടക്കമായത്.

എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ചേംബറിന്റെ ഉദ്ഘാടനം നിർവഹിച്ചു. പടിഞ്ഞാറൻ സിഡ്‌നിയിലാണ് ചെറുകിട ബിസിനസുകളും സംരംഭകരും കൂടുതലായി കാണപ്പെടുന്നതെന്നും, പുതുതായി എത്തിയ കുടിയേറ്റക്കാരോ രണ്ടാം തലമുറ ഓസ്‌ട്രേലിയക്കാരോ ആണ് ഇത്തരം ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ഭൂരിഭാഗവും എന്നും ‘ബിസിനസ് എൻ.എസ്.ഡബ്ല്യു’ നടത്തിയ സമീപകാല സർവേ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിചയസമ്പന്നരായ ബിസിനസുകാർ യുവതലമുറയ്ക്ക് വഴികാട്ടികളാവണമെന്നും, വെല്ലുവിളികൾ നിറഞ്ഞ ഘട്ടങ്ങളെ അതിജീവിച്ച് സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ അവർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശവും ധൈര്യവും പകർന്നുനൽകണമെന്നും പ്രീമിയർ ആഹ്വാനം ചെയ്തു.

സഹകരണവും കൂട്ടായ ശബ്ദവുമാണ് ചേംബറിന്റെ പ്രവർത്തനങ്ങളുടെ കാതലെന്ന് സ്ഥാപകനായ ബ്രയാൻ ലൗൾ വ്യക്തമാക്കി. സമൂഹം, ബിസിനസ്, ഗവൺമെന്റ്, വ്യവസായം എന്നിവ ഒത്തുചേരുന്ന ഒരു പൊതുവേദിയായി ചേംബറിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹവും ബിസിനസും സർക്കാരും ഒറ്റപ്പെട്ട നിലയിലല്ല പ്രവർത്തിക്കുന്നതെന്നും ഇവയെല്ലാം ഒരൊറ്റ ആവാസവ്യവസ്ഥയുടെ ഭാഗമാണെന്നും ചേംബർ കോ-ഫൗണ്ടറും വൈസ് പ്രസിഡന്റുമായ റോണ ഗുസ്മാൻ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളെ കേവലം ആഘോഷിക്കുന്നതിന് അപ്പുറം അവയെ പരസ്പരം വിളക്കിച്ചേർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

പരമറ്റ എം.പി ഡോണ ഡേവിസ്, ലെപ്പിംഗ്ടൺ എം.പി നഥാൻ ഹഗാർട്ടി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന്റെ ഭാഗമായി ‘മൾട്ടി കൾച്ചറൽ യംഗ് ഒൻട്രപ്രണേഴ്സ് അവാർഡുകൾ’ വിതരണം ചെയ്തു. ഫാഷൻ, വിനോദം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭാധനരായ യുവ സംരംഭകരെയാണ് ചടങ്ങിൽ ആദരിച്ചത്. വരും വർഷങ്ങളിലും ഈ അവാർഡ് ദാനം ഒരു വാർഷിക പരിപാടിയായി തുടരുമെന്നും, യുവ സംരംഭകർക്ക് പരിചയസമ്പന്നരായ ബിസിനസ് വിദഗ്ദ്ധരുമായി ബന്ധപ്പെടാനും മെന്റർഷിപ്പ് പ്രോഗ്രാമുകളിലൂടെ ആശയങ്ങൾ വികസിപ്പിക്കാനുമുള്ള അവസരങ്ങൾ ഒരുക്കുമെന്നും ചേംബർ സീനിയർ ഡയറക്ടർ അബ്ദുൾ ഖാൻ രത്തൻ അറിയിച്ചു. നിലവിലുള്ള പരിമിതികൾക്കപ്പുറം വ്യത്യസ്ത സംസ്കാരങ്ങളെയും വ്യവസായങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് ന്യൂ സൗത്ത് വെയിൽസിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കാനാണ് ചേംബർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *