റിയാദ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ പെരിങ്ങാടി സ്വദേശി അബുട്ടിയുടെ വധശിക്ഷ ദമാമിൽ നടപ്പാക്കി. ലഹരിക്കടത്ത് കേസുകളിൽ സൗദി അറേബ്യ നൽകുന്ന കഠിനമായ ശിക്ഷയെക്കുറിച്ചും, വധശിക്ഷ എന്ന അന്തിമ വിധിയെക്കുറിച്ചും പൂർണ്ണ ബോധ്യമുണ്ടായിട്ടും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് പ്രവാസികൾ ഇപ്പോഴും എത്തിപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. ചുരുങ്ങിയ കാലം കൊണ്ട് കോടീശ്വരനാകാം എന്ന അത്യാഗ്രഹവും നിയമത്തിന്റെ കണ്ണുവെട്ടിക്കാമെന്ന തെറ്റായ ആത്മവിശ്വാസവുമാണ് പലരെയും ബോധപൂർവ്വം ഈ വൻ വിപത്തിലേക്ക് തള്ളിവിടുന്നത്.
കണക്കുകൾ പരിശോധിച്ചാൽ മയക്കുമരുന്ന് കടത്തിന് സൗദിയിൽ മലയാളി വധശിക്ഷയ്ക്ക് ഇരയാകുന്നത് ആദ്യത്തെ സംഭവമല്ല. ശരാശരി അഞ്ച് വർഷത്തിനിടയിൽ ഒരാളെങ്കിലും സമാനമായ കേസിൽ ഇവിടെ ശിക്ഷിക്കപ്പെടുന്നുണ്ട്. കൊലപാതകം പോലുള്ള അബദ്ധത്തിൽ സംഭവിക്കുന്ന കുറ്റകൃത്യങ്ങളിൽ ദിയാധനം (മോചനദ്രവ്യം) നൽകിയോ എംബസിയും കേന്ദ്ര–സംസ്ഥാന സർക്കാരുകളും പ്രവാസി കൂട്ടായ്മകളും രാഷ്ട്രീയ നേതൃത്വങ്ങളും യൂസഫലിയെപ്പോലുള്ള പ്രമുഖ വ്യക്തികളും ഇടപെട്ടോ ഒത്തുതീർപ്പിലെത്താൻ ചിലപ്പോൾ സാധിച്ചേക്കാം. എന്നാൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ നിയമപരമായ യാതൊരു ഇളവും രാജ്യം അനുവദിക്കാറില്ല. ഇത്തരം വിഷയങ്ങളിൽ പുറത്തുനിന്നുള്ള യാതൊരു ഇടപെടലുകളും സാധ്യമല്ലെന്ന് മാത്രമല്ല, അതിന് മുതിരുന്നവർ കൂടി നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യും.
വിളിച്ചുവരുത്തുന്ന ദുരന്തത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെ കുറ്റകൃത്യത്തിൽ പങ്കാളികളാകുന്നവരിൽ പരമ്പരാഗത ബോധവൽക്കരണ പ്രവർത്തനങ്ങൾ കൊണ്ട് മാറ്റം വരുത്താൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും ഈ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തേണ്ട മറ്റൊരു നിർണ്ണായക വശമുണ്ട്. തങ്ങൾ കൊണ്ടുപോകുന്ന വസ്തു എന്താണെന്ന് അറിയാതെ ലഹരിക്കടത്തിന്റെ ഇരകളാക്കപ്പെടുന്ന ‘ഇന്നസെന്റ് കാരിയർമാർ’ ഈ ചതിക്കുഴികളിൽ വീഴുന്നുണ്ട്. ഗൾഫിലുള്ളവർക്ക് നൽകാനെന്ന വ്യാജേന അച്ചാറോ മറ്റ് സാധനങ്ങളോ അടങ്ങിയ പാക്കറ്റുകളാക്കി മയക്കുമരുന്ന് കൊടുത്തയക്കുകയും വിമാനത്താവളങ്ങളിൽ വെച്ച് അവർ പിടിയിലാവുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. തങ്ങൾ ചതിക്കപ്പെട്ടതാണെന്ന വാദം നിയമത്തിന് മുന്നിൽ പലപ്പോഴും നിലനിൽക്കില്ല; യഥാർത്ഥ കുറ്റവാളികൾക്കും ഇതേ ന്യായീകരണം ഉന്നയിക്കാമെന്നതിനാലാണിത്. അതിനാൽ അടുത്ത ബന്ധുക്കളല്ലാത്തവർ നൽകുന്ന പാർസലുകൾ യാത്രാവേളകളിൽ പൂർണ്ണമായും നിരസിക്കുക. അടുത്ത ബന്ധുക്കൾ നൽകുന്ന പാക്കറ്റുകൾ ആണെങ്കിൽ പോലും കൃത്യമായി തുറന്നുപരിശോധിച്ച് നിയമവിരുദ്ധ വസ്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നതുമാത്രമാണ് ഇത്തരം വിപത്തുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി.

