വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യത വീണ്ടും സജീവമായി. ഇറാൻ മുന്നോട്ടുവച്ച പുതിയ സമാധാന നിർദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചെങ്കിലും ഈ ആഴ്ച തന്നെ യുഎസ് പ്രതിനിധികൾ ഇറാനുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
സെപ്റ്റംബർ 24ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, മധ്യസ്ഥർ വഴി യുഎസിന് പുതിയ നിർദേശം കൈമാറിയതായി അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ഏഴ് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യുന്നതായിരുന്നു നിർദേശത്തിലെ പ്രധാന വ്യവസ്ഥകൾ.
എന്നാൽ നിർദേശം ട്രംപ് സെപ്റ്റംബർ 26ന് തള്ളുകയായിരുന്നു. അതേസമയം, ഖത്തർ ഉൾപ്പെടെയുള്ള പ്രാദേശിക മധ്യസ്ഥരുടെ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ്–ഇറാൻ ചർച്ചകൾ ഈ ആഴ്ച വീണ്ടും നടക്കുമെന്നാണ് ട്രംപ് പിന്നീട് വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിലപാടുകൾക്കൊപ്പം ഇറാന്റെ ആണവശേഷിയും ചർച്ചകളിലെ പ്രധാന വിഷയമായി തുടരുകയാണ്. ഇറാന്റെ ആണവായുധ ശേഷി തടയണമെന്ന നിലപാടാണ് യുഎസ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിലെ ഉപരോധവും സൈനിക സമ്മർദവും കുറയ്ക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
ചർച്ചകൾ പുനരാരംഭിക്കാനുള്ള സൂചനകൾ പുറത്തുവരുമ്പോഴും പ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണ്.

