അ ക പ്രപഞ്ചത്തിന് ഏകദേശം അഞ്ച് ബില്യൺ വർഷം പ്രായമുള്ള കാലഘട്ടത്തിൽ നിന്നുള്ള ഹൈഡ്രജൻ വാതകത്തിന്റെ അതിസൂക്ഷ്മ റേഡിയോ സിഗ്നൽ നേരിട്ട് കണ്ടെത്തി കനേഡിയൻ ഹൈഡ്രജൻ ഇന്റൻസിറ്റി മാപ്പിങ് എക്സ്പെരിമെന്റ് (CHIME) ടെലിസ്കോപ്പ്. പ്രപഞ്ചത്തിന്റെ വികാസവും ഡാർക്ക് എനർജിയുടെ സ്വഭാവവും പഠിക്കുന്നതിന് പുതിയ സാധ്യതയാണ് കണ്ടെത്തൽ തുറക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.
ഹൈഡ്രജൻ സ്വാഭാവികമായി പുറപ്പെടുവിക്കുന്ന ദുർബലമായ റേഡിയോ തരംഗങ്ങളാണ് CHIME കണ്ടെത്തിയത്. പ്രപഞ്ചത്തിന്റെ വിവിധ കാലഘട്ടങ്ങളിലുള്ള ഹൈഡ്രജന്റെ വിതരണം മാപ്പ് ചെയ്യുന്നതിലൂടെ പ്രപഞ്ചം എങ്ങനെ വികസിച്ചുവെന്ന് പഠിക്കാനാകും. ഈ വിവരങ്ങൾ ഡാർക്ക് എനർജിയെക്കുറിച്ചുള്ള പഠനങ്ങൾക്ക് സഹായകരമാകും.
2019ൽ ശേഖരിച്ച 94 രാത്രികളിലെ നിരീക്ഷണ വിവരങ്ങളാണ് പുതിയ കണ്ടെത്തലിന് ഉപയോഗിച്ചത്. പ്രപഞ്ചത്തിലെ പശ്ചാത്തല ശബ്ദം, മനുഷ്യനിർമിത റേഡിയോ ഇടപെടലുകൾ, ടെലിസ്കോപ്പിന്റെ തന്നെ സിഗ്നലുകൾ എന്നിവയ്ക്കിടയിൽ നിന്ന് ഹൈഡ്രജന്റെ ദുർബലമായ സിഗ്നൽ വേർതിരിച്ചെടുക്കാൻ പുതിയ ഡാറ്റാ വിശകലന രീതികൾ ഉപയോഗിച്ചു. ഒരു വർഷത്തിലേറെ നീണ്ട പരിശോധനകൾക്ക് ശേഷമാണ് സിഗ്നൽ യഥാർഥ കോസ്മിക് സിഗ്നലാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചത്.
ഈ കാലഘട്ടത്തിൽ പ്രപഞ്ചത്തിലെ ഹൈഡ്രജന്റെ ഏകദേശം രണ്ട് ശതമാനം ന്യൂട്രൽ ആറ്റമിക് രൂപത്തിലായിരുന്നുവെന്നാണ് നിരീക്ഷണത്തിൽനിന്നുള്ള പ്രാഥമിക വിലയിരുത്തൽ. ഹൈഡ്രജന്റെ വിതരണം പഠിക്കുന്നത് ഗാലക്സികൾ എങ്ങനെ രൂപപ്പെടുകയും പരിണമിക്കുകയും ചെയ്തുവെന്ന് മനസിലാക്കാനും സഹായിക്കും.
CHIME ഇതുവരെ ശേഖരിച്ചിട്ടുള്ള ഏകദേശം ഏഴ് വർഷത്തെ ഡാറ്റയിൽ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോഴത്തെ പഠനത്തിൽ ഉപയോഗിച്ചത്. കൂടുതൽ പഴയ കാലഘട്ടങ്ങളിലെ പ്രപഞ്ചത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിനായി ശേഷിക്കുന്ന ഡാറ്റയും ഗവേഷകർ വിശകലനം ചെയ്യുകയാണ്.

