സായുധ ബറ്റാലിയനുകളിലും വനിതാ പോലീസിന് അവസരം; നിർദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള പോലീസിലെ നിലവിൽ പുരുഷന്മാർക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള സായുധ ബറ്റാലിയനുകളിൽ വനിതാ പോലീസുകാരെയും ഉൾപ്പെടുത്തുന്നതിനുള്ള നിർദേശം. സായുധ ബറ്റാലിയനുകളുടെ ഘടനയിൽ മാറ്റം വരുത്തുന്നതിനാണ് പോലീസ് ആസ്ഥാനത്തിന്റെ ശുപാർശ. നിർദേശം സർക്കാർ പരിഗണനയിലാണ്.

നിലവിൽ കേരള പോലീസിന് കീഴിൽ 11 സായുധ ബറ്റാലിയനുകളും ഒരു സായുധ വനിതാ പോലീസ് ബറ്റാലിയനുമാണുള്ളത്. കേരള ആംഡ് പോലീസ് ഒന്നുമുതൽ ആറുവരെ, സ്പെഷ്യൽ ആംഡ് പോലീസ്, മലബാർ സ്പെഷ്യൽ പോലീസ്, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവയിലാണ് വനിതകൾക്ക് കൂടി നിയമനം നൽകാൻ നിർദേശിച്ചിരിക്കുന്നത്.

നിലവിലെ സംവിധാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരം മേനംകുളത്തെ വനിതാ ബറ്റാലിയൻ ആസ്ഥാനത്ത് കേന്ദ്രീകരിച്ചാണ് സേവനമനുഷ്ഠിക്കുന്നത്. പുതിയ നിർദേശം അംഗീകരിച്ചാൽ വിവിധ സ്ഥലങ്ങളിലുള്ള ബറ്റാലിയനുകളിൽ നിയമനം ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇത് വീടിനും കുടുംബത്തിനും സമീപമുള്ള ബറ്റാലിയനുകളിൽ സേവനം ചെയ്യാനുള്ള അവസരം വർധിപ്പിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കേരള പോലീസിലെ വനിതാ പ്രാതിനിധ്യം 33 ശതമാനമായി ഉയർത്തുന്നതിനും സിവിൽ പോലീസ് ഓഫീസർ നിയമനത്തിലെ അനുപാതത്തിൽ മാറ്റം വരുത്തുന്നതിനും പോലീസ് മേധാവി ശുപാർശ നൽകിയിട്ടുണ്ട്. നിലവിൽ പോലീസിലെ വനിതാ പ്രാതിനിധ്യം ഏകദേശം 9–10 ശതമാനമാണ്. പത്ത് നിയമനങ്ങളിൽ മൂന്ന് വനിതകൾക്ക് അവസരം ലഭിക്കുന്ന രീതിയിലാണ് നിർദേശം. ശുപാർശ ആഭ്യന്തര വകുപ്പ് പരിശോധിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

വനിതാ പോലീസ് ഉദ്യോഗസ്ഥർ നിലവിൽ സ്ത്രീകൾ ഉൾപ്പെടുന്ന കേസുകളിലെ മൊഴിയെടുക്കൽ, വീടുകളിലെ പരിശോധന തുടങ്ങിയ വിവിധ ചുമതലകൾ നിർവഹിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *