നഗോയ: ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ വെള്ളി നേടിയതിന് പിന്നാലെ വസ്ത്രം, ആഭരണം, ഹെയർ ആക്സസറീസ് എന്നിവയുടെ പേരിൽ ഉയർന്ന സൈബർ വിമർശനങ്ങൾക്ക് മറുപടിയുമായി മലയാളി താരം ആൻസി സോജൻ. തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഹെയർ ആക്സസറീസുകളും ധരിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യവും ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് ആൻസി പറഞ്ഞു.
മത്സരവേദിയിൽ എങ്ങനെ ഒരുങ്ങണമെന്നത് സ്വന്തം തീരുമാനമാണെന്നും ഇത്തരം വിമർശനങ്ങൾ തന്നെ തളർത്തില്ലെന്നും ആൻസി വ്യക്തമാക്കി. ദേശീയ റെക്കോർഡ് സ്ഥാപിച്ചപ്പോഴും ആഭരണങ്ങൾ ധരിച്ചിരുന്നുവെന്നും താരം പറഞ്ഞു. അന്താരാഷ്ട്ര താരങ്ങളിൽ പലരും മത്സരത്തിനിടെ ആഭരണങ്ങളും മറ്റ് ആക്സസറീസുകളും ഉപയോഗിക്കുന്നുണ്ടെന്നും ആൻസി ചൂണ്ടിക്കാട്ടി.
2026 ഏഷ്യൻ ഗെയിംസിലെ വനിതാ ലോങ്ജംപ് ഫൈനലിൽ ആദ്യ അഞ്ച് ശ്രമങ്ങൾക്കുശേഷവും ആൻസിയായിരുന്നു മുന്നിൽ. എന്നാൽ ആറാം ശ്രമത്തിൽ ചൈനയുടെ ഹ്വാങ് യിങ്യിങ് 6.55 മീറ്റർ ചാടി സ്വർണം സ്വന്തമാക്കി. 6.53 മീറ്റർ ചാടിയ ആൻസിക്ക് വെള്ളി ലഭിച്ചു. ഇതോടെ ഏഷ്യൻ ഗെയിംസിൽ ആൻസിയുടെ രണ്ടാം വെള്ളി മെഡലായി ഇത് മാറി.
മെഡൽ നേടിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ചില പോസ്റ്റുകളുടെയും കമന്റ് ബോക്സുകളുടെയും ശ്രദ്ധ ആൻസിയുടെ മുടി, കണ്ണെഴുത്ത്, ആഭരണങ്ങൾ എന്നിവയിലേക്കു മാറിയിരുന്നു. ആഭരണങ്ങൾ അഴിച്ചുവച്ചിരുന്നെങ്കിൽ സ്വർണം നേടാമായിരുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായി.
വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് പല വിമർശനങ്ങളും വരുന്നതെന്ന് ആൻസി പറഞ്ഞു. താരത്തിന്റെ നേട്ടങ്ങളാണ് കായികലോകം വിലയിരുത്തേണ്ടതെന്നും രൂപത്തെയും വേഷത്തെയും കേന്ദ്രീകരിച്ചുള്ള സൈബർ ആക്രമണങ്ങൾക്കെതിരെയാണ് പ്രതികരിക്കേണ്ടതെന്നും താരം വ്യക്തമാക്കി.

