ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലെ വീടുകൾ ഒക്ടോബർ 31നകം പൂർത്തിയാക്കും

തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കാൻ സർക്കാർ തീരുമാനം. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നിർമാണം പൂർത്തിയാകുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വയനാട് ജില്ലാ കലക്ടർക്ക് നിർദേശം നൽകി. വീടുകൾ അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയാറാക്കുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായവും പരിഗണിക്കും. വീടുകൾ കൈമാറുന്നതിനായി നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും.

ടൗൺഷിപ്പിൽ ആകെ 157 വീടുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഇതിൽ 149 വീടുകൾ നിലവിൽ തിരിച്ചറിഞ്ഞ ഗുണഭോക്താക്കൾക്കായി നീക്കിവച്ചിട്ടുള്ളതാണ്. ബാക്കിയുള്ള എട്ട് വീടുകൾ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ശേഷം കൈമാറുന്നതിനായി നിർമിക്കുന്നവയാണ്. 149 വീടുകളുടെ പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കുകയാണ് നിലവിലെ ലക്ഷ്യം.

ദുരന്തബാധിതർക്ക് നിലവിൽ നൽകിവരുന്ന വാടകയും ഭക്ഷണ കൂപ്പണും തുടരും. കൃഷിനാശം സംഭവിച്ച കർഷകരുടെ വിവരങ്ങൾ ശേഖരിച്ച് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ വിതരണം ചെയ്യാനും കർഷകരുടെയും വ്യാപാരികളുടെയും നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിത കുടുംബങ്ങൾക്കുള്ള സ്മാർട്ട് കാർഡ് വിതരണം അടിയന്തരമായി പൂർത്തിയാക്കാനും ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും യോഗം നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *