ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്നതടക്കം വിവിധ സാധ്യതകൾ പരിശോധിച്ച് അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ അന്വേഷണം ശക്തമാക്കി. ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ 174 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ഇസ്രയേൽ, യുഎഇ, യുഎസ് അന്വേഷണ സംഘങ്ങൾ തബൂക്കിലെത്തിയതായാണ് റിപ്പോർട്ട്. സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ദുബായ് അധികൃതർക്ക് കൈമാറുമെന്നാണ് വിവരം.
ആക്രമണത്തിന് പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണമോ തീവ്രവാദ ലക്ഷ്യമോ ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന കാര്യം അന്വേഷണത്തിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി.
ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തബൂക്കിലെ ചികിത്സയ്ക്കുശേഷം അബുദാബിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ടെൽ അവീവിലേക്കുള്ള ചില ഫ്ലൈദുബായ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

