ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ട് വെള്ളിയും നാല് വെങ്കലവും

നഗോവ: ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യ ആറു മെഡലുകൾ സ്വന്തമാക്കി. രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 65 ആയി.

പുരുഷ സ്കിഫ് സെയിലിങ്ങിൽ മലയാളികളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കുരിശിങ്കലും വെള്ളി നേടി. ചൈനയ്ക്ക് പിന്നിൽ 23 പോയിന്റുമായാണ് ഇന്ത്യൻ സഖ്യം രണ്ടാം സ്ഥാനത്തെത്തിയത്. ഹോങ്കോങിനാണ് വെങ്കലം. ഏഷ്യൻ ഗെയിംസിൽ പുരുഷ സ്കിഫ് സെയിലിങ്ങിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഇരുവരും കൊച്ചി സ്വദേശികളും കസിൻസുമാണ്.

പുരുഷ 97 കിലോഗ്രാം ഗ്രീക്കോ-റോമൻ ഗുസ്തിയിൽ നിതേഷ് ശിവാച് വെള്ളി നേടി. ഫൈനലിൽ ജപ്പാന്റെ യൂറി നകാസാറ്റോയോട് 0-4നാണ് നിതേഷ് പരാജയപ്പെട്ടത്. സെമിഫൈനലിൽ മംഗോളിയയുടെ ഗങ്കുയാങ് ഗൻബാതാറിനെ 9-0ന് തോൽപ്പിച്ചാണ് നിതേഷ് ഫൈനലിലെത്തിയത്.

വനിതാ സ്കിഫ് സെയിലിങ്ങിൽ ഹർഷിത തോമർ–ശീതൾ വർമ്മ സഖ്യം വെങ്കലം നേടി. സ്ക്വാഷിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകളും വെങ്കലം സ്വന്തമാക്കി. പുരുഷ കോമ്പൗണ്ട് വ്യക്തിഗത അമ്പെയ്ത്തിൽ ടി.ജി. മണിരത്നം വിയറ്റ്നാമിന്റെ കോൺ ഡക് ഡാങ്ങിനെ 149-144ന് തോൽപ്പിച്ച് വെങ്കലം നേടി.

Leave a Reply

Your email address will not be published. Required fields are marked *