പട്ടികവിഭാഗങ്ങൾക്ക് ലൈഫിന് പകരം പ്രത്യേക ഭവന പദ്ധതിയും ഭൂമിയും: മുഖ്യമന്ത്രി

കൊച്ചി: പട്ടികവിഭാഗങ്ങൾക്ക് ലൈഫ് പദ്ധതിയിൽനിന്ന് മാറ്റി പ്രത്യേക ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പുതുയുഗ വഴിയിൽ നാം ഉയരുന്നു നാടുണരുന്നു” എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ പക്ഷാചരണം സംഘടിപ്പിക്കുന്നത്.

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം ഇനിമേൽ ഒരു വഴിപാട് പോലെയായിരിക്കില്ലെന്നും, അവരുടെ യഥാർത്ഥ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൃത്യമായി നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതി വഴി പട്ടികവിഭാഗങ്ങൾക്ക് വീടുകൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഇവർക്കായി പ്രത്യേക ഭവന നിർമ്മാണ പദ്ധതിക്ക് സർക്കാർ രൂപം നൽകും. അർഹരായ എല്ലാ ഭവനരഹിതർക്കും തുക വർദ്ധിപ്പിച്ചു നൽകി വീട് ഉറപ്പാക്കും. കൂടാതെ, ഭൂരഹിതരായ മുഴുവൻ പട്ടികവിഭാഗക്കാർക്കും ഭൂമി ലഭ്യമാക്കുന്നതിനായി വരും നിയമസഭാ സമ്മേളനത്തിൽ ആവശ്യമായ നിയമനിർമ്മാണവും നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സംസ്ഥാന ബജറ്റിൽ തുക ചുരുക്കേണ്ടി വന്നപ്പോഴും പട്ടികവിഭാഗങ്ങളുടെ വികസന ഫണ്ടിൽ ഒരു രൂപ പോലും കുറവു വരുത്തിയിട്ടില്ല. 500 കോടി രൂപ അഡീഷണലായി അനുവദിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റും സ്കോളർഷിപ്പുകളും ഒരു കാരണവശാലും മുടങ്ങരുതെന്ന് ധനകാര്യ വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൊഫഷണൽ കോഴ്സുകളിലടക്കം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും, ഇതിനായി എത്ര കോടി രൂപ ആവശ്യമായി വന്നാലും ധനകാര്യ വകുപ്പ് മുൻകൂറായി അനുവദിക്കുമെന്നും വിദ്യാഭ്യാസം സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *