ഇന്ത്യൻ വംശജയായ യൂബർ ഈറ്റ്സ് ഡ്രൈവറുടെ കാർ തട്ടിയെടുത്തു; പ്രതി പിടിയിൽ

പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ ഇന്ത്യൻ വംശജയായ യൂബർ ഈറ്റ്സ് ഡെലിവറി ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ 32-കാരൻ അറസ്റ്റിൽ. കാനിങ് വേലിലെ വാററ്റ ബൊളിവാർഡിലുള്ള റെസ്റ്റോറന്റിൽ നിന്ന് ഓർഡർ എടുക്കുന്നതിനിടെയാണ് റീന വാലിയ എന്ന വനിതയ്ക്ക് നേരെ ആക്രമണമുണ്ടായത്.

റെസ്റ്റോറന്റിന് പുറത്തുവെച്ച് അജ്ഞാതനായ വ്യക്തി തന്നെ സമീപിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് റീന പറഞ്ഞു. ഭയന്നുപോയ ഇവർ കാറിന്റെ കീ എറിഞ്ഞുകൊടുത്ത് സഹായത്തിനായി നിലവിളിച്ചുകൊണ്ട് റെസ്റ്റോറന്റിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് അക്രമി ഇവരുടെ ബിഎംഡബ്ല്യു (BMW) കാറുമായി കടന്നുകളഞ്ഞു. സംഭവത്തിന് ശേഷം ജോലി ചെയ്യാൻ തനിക്ക് കടുത്ത ഭയം തോന്നുന്നുണ്ടെന്ന് മാനസികമായി തകർന്ന റീന വാലിയ വെളിപ്പെടുത്തി.

തട്ടിയെടുത്ത കാറുമായി അമിതവേഗതയിൽ പാഞ്ഞ പ്രതി പോലീസിന്റെ നിർദ്ദേശം അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഏകദേശം 25 കിലോമീറ്റർ അകലെ ഹേസൽമിയറിൽ വെച്ച് കാർ അപകടത്തിൽപ്പെട്ടു. വാഹനത്തിൽ നിന്ന് കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച 32-കാരനെ പോലീസ് തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു. വാഹന മോഷണം, മയക്കുമരുന്ന് കൈവശം വെക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *