ഓക്ലൻഡ്: ഭാവിയിൽ ഒരു പാസ്റ്ററാകണമെന്ന് ആഗ്രഹിച്ച്, സംഗീതത്തെയും പ്രാർത്ഥനകളെയും സ്നേഹിച്ച പന്ത്രണ്ടുകാരനായ ഇന്ത്യൻ വംശജൻ ജെയ്സൺ മദാനുവിന്റെ വിയോഗത്തിൽ കണ്ണീരണിയുകയാണ് ന്യൂസിലാൻഡിലെ ഓക്ലൻഡ് പ്രവാസി സമൂഹം. മൗണ്ട് റോസ്കിൽ ഇന്റർമീഡിയറ്റ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ജെയ്സൺ, തന്റെ പതിമൂന്നാം ജന്മദിനത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.
2013 ഒക്ടോബർ 23-ന് ഇന്ത്യയിലെ ഹൈദരാബാദിലാണ് ജെയ്സൺ ജനിച്ചത്. മാതാപിതാക്കളായ ആരോഗ്യ ജോസഫ് മദാനുവും ഭാഗ്യറാണി മദാനുവും കുടുംബത്തിന്റെ മികച്ച ഭാവിക്കായി ന്യൂസിലാൻഡിലേക്ക് കുടിയേറിയപ്പോൾ, ബാല്യത്തിന്റെ ആദ്യകാലം ജെയ്സൺ ഹൈദരാബാദിൽ മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞത്. പിന്നീട് മാതാപിതാക്കൾക്കൊപ്പം ന്യൂസിലാൻഡിലെത്തി സ്കൂൾ വിദ്യാഭ്യാസവും ജീവിതവും മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.
മരണത്തിന് മുന്നോടിയായി തലകറക്കവും ബോധക്ഷയവും കഠിനമായ വായ്പ്പുണ്ണും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് സ്ഥിതി വഷളാവുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. തലച്ചോറിലെ ആന്തരിക രക്തസ്രാവവും അണുബാധയുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായി കൊറോണറുടെ അന്വേഷണം നടക്കുന്നുണ്ട്.
മാതാപിതാക്കളും രണ്ട് ഇളയ സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്നതാണ് ജെയ്സന്റെ കുടുംബം. പ്രിയപ്പെട്ട മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നുപോയ ഈ കുടുംബത്തെ സഹായിക്കാനായി തെലങ്കാന അസോസിയേഷൻ ഓഫ് ന്യൂസിലാൻഡ് ഉൾപ്പെടെയുള്ള പ്രവാസി കൂട്ടായ്മകളും സ്കൂൾ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കുരുന്നിന്റെ വേർപാടിൽ പ്രദേശവാസികളും സുഹൃത്തുക്കളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

