ഫ്ലൈദുബായ് കോ–പൈലറ്റ് ആക്രമണം; വിദേശ വിമാന സർവീസുകളുടെ സുരക്ഷ പുനഃപരിശോധിക്കാൻ ഇസ്രയേൽ

ഫ ജറുസലേം: ഫ്ലൈദുബായ് വിമാനത്തിലെ കോ–പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിദേശ സിവിൽ വിമാന സർവീസുകളുടെ സുരക്ഷാ സംവിധാനങ്ങൾ സമഗ്രമായി പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകി.

വിദേശ സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ വശങ്ങളും പരിശോധിക്കുന്നതിനായി ദേശീയ സുരക്ഷാ കൗൺസിൽ മേധാവി ഷ്മുവൽ ബെൻ എസ്രയുടെ നേതൃത്വത്തിൽ പരിശോധനാ ഉദ്യോഗസ്ഥനെ നിയമിക്കാനാണ് നിർദേശം. സംഭവത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകൾ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

സെപ്റ്റംബർ 30നാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിൽ സംഭവം ഉണ്ടായത്. ഒമാൻ സ്വദേശിയായ കോ–പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതിനെ തുടർന്ന് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ഏകദേശം 14,000 അടി താഴേക്ക് പതിച്ചിരുന്നു. പരിക്കേറ്റ ക്യാപ്റ്റന് കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞതോടെ യാത്രക്കാരും മറ്റുള്ളവരും ഇടപെട്ട് ആക്രമിയെ കീഴടക്കുകയായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛർ ഉൾപ്പെടെയുള്ള വിമാന ജീവനക്കാരും യാത്രക്കാരും ചേർന്നാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ സുരക്ഷാ പരിശോധനകളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്.

വിദേശ വിമാന ജീവനക്കാരുടെ പശ്ചാത്തല പരിശോധന സംബന്ധിച്ച ഉത്തരവാദിത്വം ഏത് സുരക്ഷാ ഏജൻസിക്കാണ് എന്നതിനെച്ചൊല്ലിയും ഇസ്രയേലിൽ ചർച്ച ഉയർന്നിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഇസ്രയേൽ അധികൃതർക്ക് നേരത്തെ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട ഒമാൻ സ്വദേശിയായ കോ–പൈലറ്റിനെക്കുറിച്ച് മുൻകൂട്ടി സുരക്ഷാ മുന്നറിയിപ്പ് ഉയർന്നിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവത്തിന്റെ കാരണവും ഉദ്ദേശ്യവും സംബന്ധിച്ച അന്വേഷണം യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ തുടരുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ സംഭവത്തെക്കുറിച്ച് മുൻകൂർ നിഗമനങ്ങളിലേക്ക് പോകരുതെന്ന് ഫ്ലൈദുബായിയും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *