യുഎസ് എ ഐ ദൗത്യസംഘത്തിന് ജയ്ക്ലേറ്റൺ നേതൃത്വം നൽകും; ‘സൂപ്പർ ഇന്റലിജൻസ് ഫോഴ്സ്’ രൂപീകരിച്ച് ട്രംപ്

വാഷിങ്ടൺ: കൃത്രിമ ബുദ്ധി (AI) രംഗത്ത് യുഎസ് ആഗോള നേതൃത്വം നിലനിർത്തുന്നതിനും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അവസരങ്ങളും അപകടസാധ്യതകളും വിലയിരുത്തുന്നതിനുമായി പുതിയ ദൗത്യസംഘം രൂപീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദേശീയ ഇന്റലിജൻസ് ഡയറക്ടർ ജയ്ക്ലേറ്റണാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ‘സൂപ്പർ ഇന്റലിജൻസ് ഫോഴ്സ്’ (SIF) എന്നാണ് സംഘത്തിന് ട്രംപ് നൽകിയ പേര്.

AI സംബന്ധിച്ച ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് സംഘത്തിന്റെ പ്രധാന ചുമതല. ഉപഭോക്താക്കൾ, പൊതുതാൽപര്യ സംഘടനകൾ, മതസംഘടനകൾ, നിർണായക അടിസ്ഥാനസൗകര്യ മേഖലകൾ, AI കമ്പനികൾ തുടങ്ങിയവരുമായി സംഘം ആശയവിനിമയം നടത്തും. റിപ്പോർട്ട് നേരിട്ട് ട്രംപിനും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനും സമർപ്പിക്കും.

AI ഉയർത്തുന്ന അപകടസാധ്യതകളും സാമ്പത്തിക-സാങ്കേതിക അവസരങ്ങളും വിലയിരുത്തി 120 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംഘത്തിന് നിർദേശം. AI സംബന്ധിച്ച സൈബർ ആക്രമണങ്ങൾ, സുരക്ഷാ വീഴ്ചകൾ തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നിലവിലെ സംവിധാനങ്ങളും സംഘം പരിശോധിക്കും.

ഫെഡറൽ ട്രേഡ് കമ്മിഷൻ ചെയർമാൻ ആൻഡ്രൂ ഫെർഗൂസൻ, പെന്റഗൺ ചീഫ് ടെക്നോളജി ഓഫീസർ എമിൽ മൈക്കൽ, ഓഫിസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ് ഡയറക്ടർ സ്കോട്ട് കുപോർ എന്നിവരും സംഘത്തിൽ ഉൾപ്പെടും. AIയുടെ അമിത നിയന്ത്രണം നവീകരണത്തെയും മത്സരശേഷിയെയും ബാധിക്കാതിരിക്കണമെന്ന നിലപാടും സംഘത്തിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു.

AIയ്ക്ക് പകരം ‘സൂപ്പർ ഇന്റലിജൻസ്’ എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കുന്നതിനുള്ള നയവും ട്രംപ് സെപ്റ്റംബർ 29ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *