പസഫിക് പ്രീ-കോപ്പ് ഉച്ചകോടി; പ്രധാനമന്ത്രി ആന്റണി ആൽബനീസ് പങ്കെടുക്കും

കാൻബറ: തുർക്കിയിലെ അന്റാലിയയിൽ നടക്കാനിരിക്കുന്ന ‘കോപ്പ് 31’ (COP31) ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായുള്ള പ്രീ-കോപ്പ് നേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഫിജിയിലേക്കും തുവാലുവിലേക്കും തിരിച്ചു. കാലാവസ്ഥാ വ്യതിയാന പ്രതിസന്ധികൾ നേരിട്ടനുഭവിക്കുന്ന പസഫിക് ദ്വീപ് രാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് ആഗോളതലത്തിൽ മുൻഗണന നൽകുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും രൂക്ഷമായതിനെത്തുടർന്ന് സമുദ്രനിരപ്പ് ഉയർന്നതോടെ പസഫിക് മേഖലയിലെ പല തീരദേശ ഗ്രാമങ്ങളും ഇതിനകം ജനങ്ങൾക്ക് വാസയോഗ്യമല്ലാതായി മാറിയിട്ടുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം തേടി നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പരമ്പരാഗത ആവാസവ്യവസ്ഥകൾ ഉപേക്ഷിച്ച് മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്ന സാഹചര്യത്തിലാണ് പ്രീ-കോപ്പ് ഉച്ചകോടി നടക്കുന്നത്.

കാലാവസ്ഥാ പ്രതിസന്ധിയുടെ മുൻനിരയിലുള്ള ജനതയുടെ യഥാർത്ഥ ദുരിതങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാനും, ദ്വീപ് സമൂഹങ്ങൾ നടപ്പാക്കുന്ന അതിജീവന പ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കാനും ഈ ഉച്ചകോടി അവസരമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബോവൻ ഉൾപ്പെടെയുള്ള ഉന്നതതല സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. പസഫിക് ദ്വീപുകളുടെ നിലനിൽപ്പിന് നിർണായകമായ പുനരധിവാസ പദ്ധതികളും ധനസഹായ സംവിധാനങ്ങളും വരാനിരിക്കുന്ന ആഗോള ഉച്ചകോടിയുടെ മുഖ്യ അജണ്ടയാക്കാനാണ് പ്രതിനിധി സംഘത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *