സിഡ്നി: ന്യൂ സൗത്ത് വെയിൽസ് മിഡ് നോർത്ത് കോസ്റ്റിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മോട്ടോർ സൈക്കിൾ യാത്രികർ ദാരുണമായി കൊല്ലപ്പെട്ടു. സെപ്റ്റംബർ 20-ന് രാവിലെ 10.20-ഓടെ ബൂറലിലെ (Booral) ‘ദി ബക്കറ്റ്സ് വേ’യിൽ വെച്ചായിരുന്നു അപകടം. കുതിരയെ കൊണ്ടുപോകുന്ന വാഹനം (ഹോഴ്സ് ഫ്ലോട്ട്) ഘടിപ്പിച്ച് സഞ്ചരിക്കുകയായിരുന്ന യൂട്ട് (യൂട്ടിലിറ്റി വാഹനം) നിയന്ത്രണംവിട്ട് മറിഞ്ഞ് എതിർദിശയിൽ വന്ന ബൈക്കുകളിലേക്ക് വീഴുകയായിരുന്നു.
അപകടസ്ഥലത്തുവെച്ചുതന്നെ 33 വയസ്സുള്ള ബൈക്ക് യാത്രികൻ മരണപ്പെട്ടു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 72 വയസ്സുള്ള രണ്ടാമത്തെ യാത്രികൻ ഒക്ടോബർ 3-നാണ് മരണത്തിന് കീഴടങ്ങിയത്.
വാഹനം ഓടിച്ചിരുന്ന 18-കാരിയായ യുവതി മദ്യപിച്ചിരുന്നതായി പോലീസ് നടത്തിയ ശ്വാസപരിശോധനയിൽ വ്യക്തമായി. മരണത്തിന് കാരണമായ അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായ ഡ്രൈവിംഗ്, പരിധിയിൽ കവിഞ്ഞ മദ്യപാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ നവംബർ 23-ന് റെയ്മണ്ട് ടെറസ് ലോക്കൽ കോടതിയിൽ ഹാജരാക്കും.

