ന്യൂഡൽഹി: ലോകത്തെ മുൻനിര ഊർജ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള ദീർഘകാല ബന്ധം പുതിയ തലത്തിലേക്ക് ഉയരുന്നു. മുൻകാലങ്ങളിൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്നതിൽ മാത്രം ഒതുങ്ങിയിരുന്ന ഇരുവിഭാഗവും തമ്മിലുള്ള സഹകരണം, ഇപ്പോൾ പരസ്പര നിക്ഷേപം, റിഫൈനിങ്, പെട്രോകെമിക്കൽസ്, എൽ.എൻ.ജി, ഊർജ അടിസ്ഥാനസൗകര്യ വികസനം, ദീർഘകാല വിതരണ സുരക്ഷ എന്നിവ ഉൾപ്പെടുന്ന തന്ത്രപരമായ പങ്കാളിത്തമായി അതിവേഗം മാറുകയാണ്.
ഈ നയതന്ത്ര മാറ്റത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ഖത്തർ മാറിക്കഴിഞ്ഞു. ഇന്ത്യയുടെ പ്രകൃതിവാതക സുരക്ഷയിൽ വർഷങ്ങളായി നിർണായക പങ്കുവഹിക്കുന്ന പെട്രോനെറ്റ് എൽ.എൻ.ജിയും ഖത്തർ എനർജിയും തമ്മിലുള്ള സഹകരണമാണ് ഇതിന്റെ അടിത്തറ. 2024-ൽ ഇരു കമ്പനികളും ഒപ്പുവെച്ച ദീർഘകാല കരാർ പ്രകാരം 2028 മുതൽ 2048 വരെയുള്ള കാലയളവിൽ പ്രതിവർഷം 7.5 മില്യൺ ടൺ എൽ.എൻ.ജി ഇന്ത്യയ്ക്ക് ലഭ്യമാകും. ഇരുപത് വർഷത്തേക്ക് ഉറപ്പാക്കിയ ഈ വിതരണം രാജ്യത്തിന്റെ ഭാവി ഇന്ധന ആവശ്യങ്ങൾക്ക് വലിയ സുരക്ഷയാണ് നൽകുന്നത്.
എന്നാൽ, വെറുമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം ഖത്തറിന്റെ ഊർജ കമ്പനികളെയും വൻകിട നിക്ഷേപ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ ഊർജ വളർച്ചയിൽ നേരിട്ടുള്ള പങ്കാളികളാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. റിഫൈനറികൾ, പെട്രോകെമിക്കൽ കോംപ്ലക്സുകൾ, ഗ്യാസ് ഇൻഫ്രാസ്ട്രക്ചർ, വൈദ്യുതി, ശുദ്ധ ഊർജ മേഖലകൾ എന്നിവയുൾപ്പെടെയുള്ള സമഗ്ര ഊർജ ശൃംഖലയിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മൂലധനം വലിയതോതിൽ ആകർഷിക്കാനുള്ള വിപുലമായ പദ്ധതികളാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നത്.

