ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയെ പൂർണ്ണമായും വികസിത രാജ്യമാക്കി മാറ്റുമെന്നും ഭാവിയിൽ ഒളിംപിക്സ് കായികമാമാങ്കത്തിന് രാജ്യം ആതിഥേയത്വം വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതുൾപ്പെടെയുള്ള വികസനക്കുതിപ്പുകൾ രാജ്യം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായും തുടർന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഭരണരംഗത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി ഇരുപത്തിയഞ്ച് വർഷം ഭരണനേതൃത്വത്തിൽ സേവനം ചെയ്യാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരമൊരു അപൂർവ്വ അവസരം നൽകി അനുഗ്രഹിച്ച രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഭാരതത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള വലിയ പദ്ധതികളുമായി രാജ്യം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

