ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. നഗർപാർക്കർ മേഖലയിലെ രതി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാതാ ജോഗ് മായാ ക്ഷേത്രത്തിന് നേരെയാണ് അതിക്രമമുണ്ടായത്. അക്രമികൾ ക്ഷേത്രത്തിനുള്ളിൽ കയറി വിഗ്രഹങ്ങൾ തകർക്കുകയും കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഒരാളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക പോലീസ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് അക്രമികൾ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയത്. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്ര സൂക്ഷിപ്പുകാരൻ എത്തിയപ്പോഴാണ് മാതാ ജോഗ് മായാ ദേവിയുടെ വിഗ്രഹങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് പാകിസ്താൻ ദ്രവിഡർ ഇത്തിഹാദ് ഇതര സർക്കാർ സംഘടനയുടെ (എൻ.ജി.ഒ) ചെയർമാൻ ശിവ കാച്ചി വ്യക്തമാക്കി. ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളിൽ ഹിന്ദു സമൂഹവും വിവിധ ന്യൂനപക്ഷ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

