കൊച്ചി: വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും ലക്ഷ്യമിട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സഹകരണ ബാങ്ക് ശാഖകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം ഇന്ന് രാവിലെ ആറരയോടെയാണ് വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് ആരംഭിച്ചത്. ബാങ്കുകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ, ബിനാമി വായ്പകൾ, കള്ളപ്പണ നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിരിക്കുന്നത്. വരുംമണിക്കൂറുകളിലും പരിശോധന തുടരുമെന്നാണ് വിവരം.

