കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ ചിന്നക്കട ശാന്തിനടയിലുള്ള വീടിന് സമീപത്തെ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമിച്ച വാഹനം കൊല്ലം കോർപറേഷൻ അധികൃതർ പുലർച്ചെ പിടികൂടി പോലീസിന് കൈമാറി. ശാന്തിനട മേഖല കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നുവെന്ന് പ്രദേശവാസികൾ നിരന്തരം പരാതി ഉന്നയിച്ചിരുന്നു.
ഇതേത്തുടർന്ന് കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക രാത്രികാല നിരീക്ഷണം ഏർപ്പെടുത്തിവരികയായിരുന്നു. ഇതിനിടെയാണ് പുലർച്ചെയോടെ മാലിന്യം തള്ളാനെത്തിയ വാഹനം അധികൃതരുടെ പിടിയിലായത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

