കേരളത്തിൽ എയിംസിന് മുൻഗണനയില്ലെന്ന് കേന്ദ്രം; കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേരളത്തിന് ഒരു അയോഗ്യതയാണോ എന്ന് ഹൈക്കോടതി ചോദിച്ചു. അങ്ങനെയെങ്കിൽ എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, കേരളം തീർച്ചയായും ഒരു എയിംസ് അർഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആരോഗ്യരംഗം മികച്ചതാണെന്നത് കൊണ്ട് മാത്രം ഇവിടെ എയിംസ് ആവശ്യമില്ല എന്ന് അർത്ഥമാക്കരുത്. സാധാരണക്കാരായ എല്ലാവർക്കും മുൻനിര സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകൾ താങ്ങാനാവില്ലെന്നും ജനസാന്ദ്രത ഏറെയുള്ള സംസ്ഥാനമാണ് കേരളമെന്നും കോടതി നിരീക്ഷിച്ചു.

കേന്ദ്ര സർക്കാരിന്റെ ഇത്തരം മാനദണ്ഡങ്ങളിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി, 2014 മുതൽ പത്ത് വർഷത്തിലധികമായി സംസ്ഥാന സർക്കാരിന്റെ എയിംസ് എന്ന ആവശ്യം കേന്ദ്രത്തിന് മുന്നിലുണ്ടെന്ന കാര്യവും ഓർമ്മിപ്പിച്ചു. വിഷയത്തിൽ ആറാഴ്ചയ്ക്കകം കേരളത്തിന് അനുകൂലമായ തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *