തൃശൂർ: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക പരിശോധന നടത്തുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആറിന്റെ (ECIR) അടിസ്ഥാനത്തിലാണ് തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർച്ചയായി നടത്തിയ പ്രാഥമിക പരിശോധനകളിൽ കോടികളുടെ തട്ടിപ്പ് നടന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. റെയ്ഡിൽ നിന്ന് പിടിച്ചെടുക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യും. കോഴിക്കോട് ജില്ലയിൽ മാത്രം ഏഴിടങ്ങളിലാണ് ഇ.ഡി പരിശോധന നടക്കുന്നത്.
കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ പരിശോധന ശക്തം
തൃശൂർ ജില്ലയിൽ അഞ്ചിടങ്ങളിലാണ് ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖകളായ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു. ഒല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് അനധികൃതമായി അംഗത്വം നൽകി വായ്പ അനുവദിക്കൽ, തുച്ഛമായ ഈടിന്മേൽ അനുവദനീയമായ പരിധി ലംഘിച്ച് ഇരട്ടി വായ്പ നൽകൽ, ഒരേ വസ്തു തന്നെ ഈടായി കാണിച്ച് ഒന്നിലധികം പേർക്ക് വായ്പ അനുവദിക്കൽ തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് സി.പി.ഐ.എം നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ഉയർന്നിട്ടുള്ളത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ 32 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. 2020–21 സാമ്പത്തിക വർഷത്തിൽ മാത്രം ബാങ്കിന് 10 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. കരുവന്നൂരിന് പിന്നാലെ കുട്ടനെല്ലൂരിലേക്കും ഇ.ഡി അന്വേഷണം വ്യാപിപ്പിച്ചത് ജില്ലയിലെ പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
അങ്കമാലി അർബൻ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീടുകളിലും റെയ്ഡ്
എറണാകുളത്ത് അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന. 2024-ൽ രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആറിലാണ് നടപടി. ബാങ്കിലെ മുൻ അക്കൗണ്ടന്റും കേസിലെ പ്രതിയുമായ ഷിജുവിന്റെ വസതി, അങ്കമാലി സർവീസ് സഹകരണ ബാങ്ക് ഓഫീസ്, മുൻ പ്രസിഡന്റായിരുന്ന പരേതനായ പി.ടി. പോളിന്റെ വീട് എന്നിവിടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. ഷിജുവിനെ മുൻപ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. 2008-ൽ ബാങ്ക് സ്ഥാപിച്ചതു മുതൽ പി.ടി. പോൾ പ്രസിഡന്റായ ഭരണസമിതിയുടെ കാലത്ത് 422 വ്യാജ ലോണുകൾ സൃഷ്ടിച്ച് വൻ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

