ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ആർട്സ് എക്സിബിഷന് തുടക്കമായി

കൊച്ചി: ഇന്ത്യയിലെയും വിദേശത്തെയും നാല്പതോളം പ്രമുഖ കലാകാരന്മാരുടെ ചിത്ര-ശില്പ പ്രദർശനത്തിനും വില്പനയ്ക്കും ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ തുടക്കമായി. ഒക്ടോബർ 8 മുതൽ 12 വരെ നടക്കുന്ന പ്രദർശനം മുഹമ്മദ് ഷിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രഹ്‌ന സലീൽ ക്യുറേറ്റ് ചെയ്യുന്ന ആർട്ടിസ്റ്റ് ഗ്രൂപ്പാണ് ഡേവിഡ് ഹാളിൽ ഈ കലാപ്രദർശനത്തിന്റെ രണ്ടാമത് എഡിഷൻ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം സ്വദേശി ഗണേഷ് സുബ്രഹ്മണ്യത്തിന്റെ അരിമണിയോളം വലിപ്പമുള്ള അതിസൂക്ഷ്മ സ്വർണ്ണ ശില്പങ്ങളും, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് വിദ്യാർഥി കഴക്കൂട്ടം വിശ്വജ്യോതി പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ വ്യത്യസ്ത ചിത്രങ്ങളും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്. ഇവരെക്കൂടാതെ മുതിർന്ന കലാകാരന്മാരായ എം. രാധ ഗുരുവായൂർ (ക്രീയേറ്റീവ് ആർട്ട്), ആനന്ദ് ചാന്നാർ, വിനീത മേനോൻ, ജോൺ ജോസഫ് എറണാകുളം (അബ്സ്ട്രാക്ട് ആർട്ട്), മുഹമ്മദ് ഇഖ്ബാൽ എസ്.വി. കോഴിക്കോട് (അക്രിലിക് പെയിന്റിംഗ്), കുഞ്ഞുമോൻ തിരുവനന്തപുരം (ബ്രാസ് സ്കൾപ്റ്റിംഗ്), അഡ്വ. ബിനു രാജീവ്, ശ്യാംലാൽ കൊല്ലം, തൗഹീദ തമീം ആലപ്പുഴ, ബെന്നി വർഗീസ് എന്നിവരടക്കം നാല്പതോളം ആർട്ടിസ്റ്റുകളുടെ ശ്രദ്ധേയമായ സൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ചടങ്ങിൽ ആർ.ജെയും നടിയുമായ ജൂവൽ ബേബി, പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഗവ. ഓഫ് ഇന്ത്യ ടൂറിസം ഇൻഫർമേഷൻ ഓഫീസർ എൻ. രവികുമാർ, കേരള ടൂറിസം പ്രമോട്ടർ സി.കെ. ഫൈസൽ, ആർട്ടിസ്റ്റ് രഹ്‌ന സലീൽ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. പങ്കെടുത്ത കലാകാരന്മാർക്കുള്ള സർട്ടിഫിക്കറ്റുകൾ എൻ. രവികുമാർ, ജൂവൽ ബേബി, പനച്ചമൂട് ഷാജഹാൻ എന്നിവർ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *