ന്യൂഡൽഹി: ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം തീരുമാനിക്കാൻ അവകാശമില്ലെന്ന് നടനും രാജ്യസഭാംഗവുമായ കമൽഹാസൻ. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് ചില വ്യവസായ പ്രമുഖർ തടസ്സം സൃഷ്ടിക്കുന്നുവെന്ന സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ജനാധിപത്യരാജ്യമാണെന്നും കോളനിയല്ലെന്നും വ്യക്തമാക്കിയ കമൽഹാസൻ, രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണെന്ന് പറഞ്ഞു. വിദേശ കമ്പനികൾക്ക് ഇന്ത്യയിലേക്ക് സ്വാഗതമുണ്ടെങ്കിലും രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാറ്റലൈറ്റ് ഇന്റർനെറ്റ് മേഖലയിൽ ഇന്ത്യൻ, വിദേശ കമ്പനികൾ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കണം. എന്നാൽ വിദൂര പ്രദേശങ്ങളിൽ ഉൾപ്പെടെ സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ സേവനം ലഭ്യമാകണം. ഉയർന്ന സബ്സ്ക്രിപ്ഷൻ നിരക്കും ഉപകരണങ്ങളുടെ വിലയും സാധാരണക്കാർക്ക് ഇന്റർനെറ്റ് സേവനം അപ്രാപ്യമാക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടെലികോം ശൃംഖലകളും സ്പെക്ട്രവും വെറും വാണിജ്യ ആസ്തികളല്ലെന്നും രാജ്യത്തിന്റെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളാണെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര വിപണിയെക്കുറിച്ച് വാദിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം ആഭ്യന്തര വിപണികളെ സംരക്ഷിക്കുന്നതിലെ ഇരട്ടത്താപ്പിനെയും അദ്ദേഹം വിമർശിച്ചു. ആഭ്യന്തര ഉൽപാദകരെ സംരക്ഷിക്കുന്നതിനായി ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് അമേരിക്ക 100 ശതമാനം തീരുവ ചുമത്തിയതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഡിജിറ്റൽ കണക്ടിവിറ്റി പദ്ധതികളുടെ പോരായ്മകൾ രാജ്യത്തിനുള്ളിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ഭാരത്നെറ്റ് പദ്ധതിയുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങളുയർത്തി.
ഇന്ത്യയുടെ ടെലികോം മേഖലയിലെ നേട്ടങ്ങളെ അംഗീകരിക്കുമ്പോൾത്തന്നെ പോരായ്മകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നയങ്ങൾ നിർണയിക്കുന്നത് വിദേശ താൽപര്യങ്ങളോ ഇന്ത്യൻ-അമേരിക്കൻ ശതകോടീശ്വരന്മാരോ അല്ല, ജനങ്ങളായിരിക്കണമെന്ന നിലപാടാണ് കമൽഹാസൻ മുന്നോട്ടുവച്ചത്.

