ബ്യൂണസ് അയേഴ്സ്: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ചികിത്സാസംഘത്തിലെ ഏഴുപേർക്ക് തടവുശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. വ്യക്തിഗത ഡോക്ടർ ലിയോപോൾഡോ ലൂക്കെയ്ക്ക് 12 വർഷം തടവാണ് ആവശ്യപ്പെട്ടത്. മറ്റ് ആരോഗ്യപ്രവർത്തകർക്ക് നാലു മുതൽ 10 വർഷം വരെ തടവുശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
2020 നവംബർ 25-നാണ് 60-കാരനായ മറഡോണ ഹൃദയസ്തംഭനവും ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയും മൂലം മരിച്ചത്. തലച്ചോറിലെ രക്തക്കട്ട നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ബ്യൂണസ് അയേഴ്സിന് സമീപമുള്ള വസതിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
മറഡോണയുടെ ആരോഗ്യനില വഷളായതിന്റെ സൂചനകൾ ഉണ്ടായിട്ടും ആവശ്യമായ ചികിത്സയും നിരീക്ഷണവും നൽകിയില്ലെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ആശുപത്രിയിൽ തുടരേണ്ടിയിരുന്ന അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയതും മതിയായ ചികിത്സാ ഉപകരണങ്ങളുടെയും അടിയന്തര പരിചരണത്തിന്റെയും അഭാവവും കേസിൽ പ്രധാന വിഷയങ്ങളായി. ചികിത്സാസംഘത്തിന്റെ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
മറഡോണയുടെ മാനസികാരോഗ്യ വിദഗ്ധയായ അഗസ്റ്റിന കോസചോവിന് എട്ടു വർഷവും ചികിത്സാ ഏകോപന ചുമതലയിലുണ്ടായിരുന്ന നാൻസി ഫോർലിനിക്ക് 10 വർഷവും തടവുശിക്ഷ നൽകണമെന്നാണ് ആവശ്യം. സൈക്കോളജിസ്റ്റ് കാർലോസ് ഡിയാസിന് അഞ്ചു വർഷവും നഴ്സുമാരായ മരിയാനോ പെറോണിക്കും റിക്കാർഡോ അൽമിറോണിനും നാലു വർഷം വീതവും തടവ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലിനിക്കൽ ഡോക്ടർ പെഡ്രോ ഡി സ്പാഗ്നയ്‌ക്കെതിരായ കുറ്റങ്ങൾ പ്രോസിക്യൂഷൻ പിൻവലിച്ചു.
എന്നാൽ, ചികിത്സയിൽ വീഴ്ച വരുത്തിയെന്ന ആരോപണം പ്രതികൾ നിഷേധിച്ചു. മറഡോണയുടെ മരണം മുൻകൂട്ടി പ്രവചിക്കാനാകാത്തതായിരുന്നുവെന്നും തങ്ങൾ ചുമതലകൾ നിർവഹിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.
കേസിലെ അന്തിമ വാദങ്ങൾ പുരോഗമിക്കുകയാണ്. പ്രോസിക്യൂഷന്റെ ശിക്ഷാ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല; പ്രതികളുടെ കുറ്റവും ശിക്ഷയും സംബന്ധിച്ച അന്തിമ തീരുമാനം കോടതിയുടേതാണ്.

