തിരുവനന്തപുരം: തീരദേശ നിരീക്ഷണം, തിരച്ചിൽ-രക്ഷാപ്രവർത്തനം, ദുരന്തനിവാരണം എന്നിവ ശക്തിപ്പെടുത്താൻ അത്യാധുനിക ഡ്രോണുകൾ വാങ്ങാൻ കേരള പോലീസ്. ഇതിനായി 16.5 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി തീരദേശ നിരീക്ഷണത്തിന് 40 ഡ്രോണുകളും തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കും ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനുമായി 22 ഡ്രോണുകളും ദീർഘദൂര നിരീക്ഷണത്തിനായി ആറ് ഫിക്സഡ്-വിങ് VTOL ഡ്രോണുകളും വാങ്ങാനാണ് ലക്ഷ്യമിടുന്നത്.
തത്സമയ ദൃശ്യങ്ങൾ പകർത്താനും രാത്രിയിലും താപദൃശ്യ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണം നടത്താനും കഴിയുന്ന സംവിധാനങ്ങൾ ഡ്രോണുകളിൽ ഉൾപ്പെടുത്തും. അപകടങ്ങളിൽപ്പെട്ടവരെ കണ്ടെത്തുന്നതിനും തീരദേശത്തെ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ഇവ പ്രയോജനപ്പെടും.
റൺവേയുടെ ആവശ്യമില്ലാതെ ലംബമായി പറന്നുയരാനും ഇറങ്ങാനും കഴിയുന്ന VTOL ഡ്രോണുകൾ ദുരന്തബാധിത മേഖലകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും പ്രവർത്തനത്തിന് സഹായകമാണ്.
പദ്ധതിക്കായി ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഡ്രോണുകൾ വാങ്ങി പ്രവർത്തനസജ്ജമാക്കിയതായി സ്ഥിരീകരിച്ചിട്ടില്ല.

