കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് സ്വർണം കവർന്ന കേസ്; താൽക്കാലിക ശാന്തിക്കാരൻ വണ്ടൻമേട് പോലീസിന്റെ പിടിയിൽ

വണ്ടൻമേട്: പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് സ്വർണ ഉരുപ്പടികൾ മോഷ്ടിച്ച കേസിലെ പ്രതിയെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുവത്തൂർ അമ്പലത്തുംകാലാ എഴുകോൺ സ്വദേശി വൈശാഖം വീട്ടിൽ മിഥുൻ കെ. (39) ആണ് പിടിയിലായത്. ഒക്ടോബർ ഒൻപതിനാണ് ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

2025 ഡിസംബർ 15-നും 2026 ഫെബ്രുവരി 16-നും ഇടയിലുള്ള കാലയളവിലാണ് കേസിനാസ്പദമായ മോഷണം നടന്നത്. ക്ഷേത്രത്തിൽ താൽക്കാലിക ശാന്തിക്കാരനായി ജോലി ചെയ്തുവരവെ, ഓഫീസ് മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 60 ഗ്രാം തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ ഇയാൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് കവർച്ച ചെയ്ത ആഭരണങ്ങൾ വിവിധ ജൂവലറികളിലായി വിൽപ്പന നടത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റെജി എം. കുന്നിപ്പറമ്പിലിന്റെ നിർദ്ദേശപ്രകാരം കമ്പംമെട്ട് പോലീസ് ഇൻസ്പെക്ടർ രതീഷ് ഗോപാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ബെർട്ടിൻ ജോസ്, ജെറി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, ജയ്‌മോൻ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, അരുൺ എന്നിവരടങ്ങിയ സംഘമാണ് കൊല്ലം കുണ്ടറ ഭാഗത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *