മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നാളെ പ്രത്യേക പ്രമേയം പാസാക്കും. നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർണായകമായ ഈ ഔദ്യോഗിക പ്രമേയം സഭയിൽ അവതരിപ്പിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ എൽ.ഡി.എഫ് പ്രമേയത്തെ പൂർണ്ണമായി പിന്തുണയ്ക്കും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നും, പട്ടികയിൽ നിന്ന് പുറത്തായ അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനോടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും പ്രമേയത്തിലൂടെ ഔദ്യോഗികമായി ആവശ്യപ്പെടും.

നാളെ ആരംഭിക്കുന്ന പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലാണ് പ്രമേയം മേശപ്പുറത്തുവെക്കുക. ഡൽഹി കേന്ദ്രീകരിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, കേരള നിയമസഭയുടെ ഈ അസാധാരണ നീക്കം ദേശീയ തലത്തിലുള്ള രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വലിയ ആവേശം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *