നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിന്റെ സുഹൃത്തായ ആലപ്പുഴ സ്വദേശി നിനവും അറസ്റ്റിൽ. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവിനെ മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി അത്താണി സിഗ്നലിന് സമീപം അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരും മരിച്ചു. വയനാട് മടക്കിമല സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (21), കർണാടക സ്വദേശിയായ ഇയാസ് (21) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർഥികളായിരുന്നു ഇവർ.

അപകടത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് (19) പൊലീസ് കസ്റ്റഡിയിലായിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്. അപകടസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

അപകടത്തിൽ മരിച്ച ദേവികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച രാത്രി വയനാട്ടിലെ വീട്ടിലെത്തിച്ചു. തുടർന്ന് സംസ്കാരച്ചടങ്ങുകൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *