സമാധാനപരമായ ഒത്തുചേരലുകൾ തടയരുത്; സ്വതന്ത്ര സഞ്ചാരവും മെട്രോ-ഇന്റർനെറ്റ് സേവനങ്ങളും ഉറപ്പാക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി: ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണമെന്നും സമാധാനപരമായി ഒത്തുചേരുന്നവരെ തടഞ്ഞുവെക്കരുതെന്നും കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും സുപ്രീം കോടതി കർശന നിർദേശം നൽകി. തലസ്ഥാനത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ നിർണായക ഇടക്കാല ഉത്തരവ്.

നഗരത്തിൽ മെട്രോ, ട്രെയിൻ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. ഡൽഹിയിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡ് ക്രമീകരണങ്ങൾ ക്രമസമാധാനവും ഗതാഗത സാഹചര്യങ്ങളും പരിഗണിച്ച് അടിയന്തരമായി പുനഃപരിശോധിക്കണം. നിയമപരമായ നടപടിക്രമങ്ങളിലൂടെ അല്ലാതെ സമാധാനപരമായും നിരായുധരായും ഒത്തുചേരുന്ന പൗരന്മാരെ അന്യായമായി കസ്റ്റഡിയിലെടുക്കരുതെന്നും ബെഞ്ച് ഉത്തരവിട്ടു.

അഭിഭാഷകരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തരുതെന്നും നീതി തേടിയെത്തുന്നവർക്ക് തടസ്സമുണ്ടാകാതിരിക്കാൻ സുപ്രീം കോടതി പരിസരത്ത് ഏർപ്പെടുത്തിയ നിയന്ത്രണ ബോർഡുകൾ നീക്കണമെന്നും കോടതി നിർദേശിച്ചു. വെള്ളിയാഴ്ച പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി, വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *