ഐ.എസ്.എസ്.എഫ് ലോകകപ്പ്; പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ ഉദയ്‌വീർ സിദ്ധുവിന് സ്വർണം

കെയ്‌റോ: ഈജിപ്തിൽ നടക്കുന്ന ഐ.എസ്.എസ്.എഫ് റൈഫിൾ ആൻഡ് പിസ്റ്റൾ ലോകകപ്പിൽ ഇന്ത്യക്ക് അഭിമാനനേട്ടം. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ യുവതാരം ഉദയ്‌വീർ സിദ്ധു സ്വർണം നേടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ 240.6 പോയിന്റ് നേടിയാണ് ഇരുപത്തിനാലുകാരനായ താരം ജർമനിയുടെ ക്രിസ്റ്റ്യൻ റെയ്‌റ്റ്സിനെ മറികടന്ന് ഒന്നാമതെത്തിയത്.

യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനക്കാരനായാണ് ഉദയ്‌വീർ എട്ടംഗ ഫൈനലിലേക്ക് മുന്നേറിയത്. അവസാന ഷോട്ടുകൾ വരെ നീണ്ട കടുത്ത പോരാട്ടത്തിൽ ശാന്തതയോടെ ഉന്നംവെച്ച ഇന്ത്യൻ താരം 0.5 പോയിന്റിന്റെ വ്യത്യാസത്തിലാണ് ജർമൻ താരത്തെ രണ്ടാമതാക്കി സുവർണനേട്ടം സ്വന്തമാക്കിയത്. ഇറ്റലിയുടെ പൗലോ മോണയാണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.

ഈ മാസം 16 വരെ നീളുന്ന ലോകകപ്പ് ടൂർണമെന്റിൽ 24 അംഗ ശക്തമായ ഇന്ത്യൻ സംഘമാണ് മത്സരിക്കുന്നത്. സീനിയർ ലോകകപ്പിൽ ഉദയ്‌വീർ സിദ്ധുവിന്റെ ആദ്യ വ്യക്തിഗത സ്വർണനേട്ടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *