ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരായ 22 ജീവനക്കാരുള്ള രണ്ടു ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം. ഒക്ടോബർ 11 ഞായറാഴ്ച നടന്ന സംഭവങ്ങളിൽ ഒരു കപ്പലിലെ രണ്ടു ഇന്ത്യൻ ജീവനക്കാരെ കാണാതായി. രണ്ടാമത്തെ കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എം.ടി. പെട്രോ ഡോൾഫിൻ എന്ന കപ്പലിനു നേരെയാണ് ആദ്യം ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ രണ്ടുപേരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
എം.ടി. വാൽത്തേര എന്ന രണ്ടാമത്തെ കപ്പലിനു നേരെ അജ്ഞാത പ്രൊജക്ടൈൽ പതിച്ചതിനെത്തുടർന്ന് തീപിടിത്തമുണ്ടായി. മാർഷൽ ഐലൻഡ്സ് പതാകയേന്തിയ ഈ കപ്പലിലെ 11 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്നാണ് അധികൃതർ അറിയിച്ചത്.
ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയിലെ വാണിജ്യ കപ്പലുകൾക്കു നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും സംഘർഷം കൂടുതൽ രൂക്ഷമാകാൻ ഇടയാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

