പാക് അധിനിവേശ കാഷ്മീരിൽ സ്ഫോടനം; നാലുപേർ കൊല്ലപ്പെട്ടു

ജമ്മു, ഒക്ടോബർ 13: നിയന്ത്രണരേഖയ്ക്ക് സമീപം പാക് അധിനിവേശ കാഷ്മീരിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് പൂഞ്ച് ജില്ലയ്ക്ക് എതിർവശത്തുള്ള ഹജിറ തഹസിലിലെ സത്‌വാൾ–നാക്കി മേഖലയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യൻ സുരക്ഷാസേന ജാഗ്രത ശക്തമാക്കി.

പൈപ്പ് സ്ഥാപിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക വിവരം. താത്കാലികമായി സ്ഥാപിച്ച സ്ഫോടക ഉപകരണമാണോ (ഐഇഡി) അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നുണ്ടെങ്കിലും സംഭവത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമായിട്ടില്ല. മരിച്ചവരെ ഫൈസാൻ സഗീർ, വഖാസ് ഷരീഫ്, ഇഷ്തിയാഖ്, ആസിം റഫീഖ് എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്ഫോടനത്തിനു പിന്നാലെ പൂഞ്ചിലെ കൃഷ്ണ ഘട്ടി മേഖലയോട് ചേർന്ന നിയന്ത്രണരേഖയിൽ സുരക്ഷാ പരിശോധനകളും നിരീക്ഷണവും ശക്തമാക്കി. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ സാധ്യതകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾ വിലയിരുത്താനാണ് നടപടി.

അതിനിടെ, പൂഞ്ചിലെ മെൻധർ മേഖലയിലുള്ള ബസോണിയിൽ അതിർത്തിവേലിക്കു സമീപം തുരുമ്പെടുത്ത രണ്ട് കുഴിബോംബുകൾ തിങ്കളാഴ്ച സൈന്യം കണ്ടെത്തി. ട്രാക്ക് നിർമാണത്തിനിടെയാണ് ഇവ കണ്ടെത്തിയത്. പിന്നീട് വിദഗ്ധർ നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ മേഖലയിൽ പന്ത്രണ്ടോളം കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *